ടോസിടലില്‍ നിന്ന് നാണയം പുറത്ത്; പുതു പരീക്ഷണത്തിനൊരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ

കാന്‍ബെറ: ടോസ് ഇടല്‍ എന്നത് ക്രിക്കറ്റ് മത്സരങ്ങളില്‍ നിര്‍ണ്ണായകമായ ഒരു ചടങ്ങാണ്. കളിയുടെ ഗതി നിര്‍ണ്ണയിക്കുന്ന ഈ ചടങ്ങില്‍ നാണയങ്ങള്‍ക്ക് ഇനി സ്ഥാനമുണ്ടാകില്ല. പരമ്പരാഗതമായ നാണയ രീതിയ്ക്ക് പകരം പുതിയ പരീക്ഷണത്തിന് ഒരുങ്ങുയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് പുതിയ പരീക്ഷണം നടപ്പിലാക്കുന്നത്.

നാണയത്തിനു പകരം ടോസിനായി ബാറ്റുപയോഗിക്കാനാണ് തീരുമാനം. പ്രത്യേകം രൂപകല്‍പന ചെയ്ത ബാറ്റാണ് ടോസിടാന്‍ ഉപയോഗിക്കുന്നത്. ഇരു ടീമുകള്‍ക്കും ടോസ് നേടാന്‍ തുല്യസാധ്യത നല്‍കുന്ന രീതിയിലാണ് ബാറ്റിന്റെ നിര്‍മ്മാണം.

പ്രത്യേകമായി തയാറാക്കുന്ന ബാറ്റിന്റെ രൂപ കല്പനയും നിര്‍മ്മാണവും പ്രശസ്ത ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാതാക്കളായ കൂക്കാബുറയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബീച്ച് ക്രിക്കറ്റില്‍ സാധാരാണമായ രീതിയാണ് ബാറ്റ് ഉപയോഗിച്ച് ടോസിടുക എന്നത്. ബീച്ച് ക്രിക്കറ്റില്‍ കളിക്കുന്ന ബാറ്റ് തന്നെയാണ് ടോസിടാനും ഉപയോഗിക്കുക.

നാണയം പോലെ കറക്കി ഇടുമ്‌ബോള്‍ ബാറ്റിന്റെ ബ്ലേഡോ അതോ നിരപ്പായ ഭാഗമോ ഏതാണ് വരുന്നത് എന്നതനുസരിച്ചാണ് ടോസ് നിര്‍ണയിക്കുക. ഡിസംബര്‍ 19നാണ് ബാറ്റ് കൊണ്ടുള്ള ടോസിന്റെ ആദ്യ പരീക്ഷണം. ബ്രിസ്‌ബേന്‍ ഹീറ്റിന്റെ നായകനായ ക്രിസ് ലിന്നായിരിക്കും ബാറ്റുകൊണ്ടുള്ള ആദ്യ ടോസിടുന്ന നായകന്‍.

ഹെഡ്, ടെയ്ല്‍ എന്നതിനു പകരം ഇനി ഹില്‍, ഫ്‌ളാറ്റ് എന്നാണ് ക്യാപ്റ്റന്‍മാര്‍ ഇനി ടോസിനായി വിളിക്കേണ്ടത്. നാണയമുപയോഗിച്ചുള്ള ടോസ് രീതി പരിഷ്‌കരിക്കണമെന്ന് ഐസിസി നേരത്തെ തന്നെ ആലോചിച്ചിരുന്നു.

Top