ബിഗ്ബാഷ് ലീഗ് ഡിസംബറില്‍: ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്നി: ബിഗ്ബാഷ് ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെയാവും ടൂര്‍ണമെന്റ് ആരംഭിക്കുക. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഡിസംബര്‍ മൂന്നിനാണ് ബിബിഎല്‍ ആരംഭിക്കുന്നത്. വനിതാ ബിഗ്ബാഷ് ലീഗ് ഒക്ടോബര്‍ 17ന് ആരംഭിക്കും. നിലവില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കടുത്ത നിയന്ത്രണം ഓസ്ട്രേലിയയില്‍ തുടരുകയാണ്. താരങ്ങള്‍ക്ക് യാത്രാവിലക്കുമുണ്ട്.

ബിഗ്ബാഷ് ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ അഡലെയ്ഡ് സ്ട്രൈക്കേഴ്സ് മെല്‍ബണ്‍ റിനിഗേയ്ഡ്സിനെ നേരിടും. അഡലെയ്ഡിലാവും മത്സരം നടക്കുക. ബിബിഎല്ലിന്റെ ഫൈനലില്‍ ഫെബ്രുവരി ആറിനാവും നടക്കുക. ഇത്തവണ കൂടുതല്‍ ദിവസമെടുത്താവും ടൂര്‍ണമെന്റ് നടത്തുക. 65 ദിവസമാവും ബിബിഎല്ലിന്റെ കാലാവധി.

വനിതാ ബിഗ്ബാഷ് ലീഗില്‍ 59 മത്സരങ്ങളാവും ഉണ്ടാവുക. ഒക്ടോബര്‍ 17ന് ആരംഭിച്ച് നവംബര്‍ 29നാവും വനിതാ ബിബിഎല്‍ അവസാനിക്കുക. 59 മത്സരത്തില്‍ 26 മത്സരം ടിവിയില്‍ സംപ്രേഷണം ചെയ്യും. മറ്റ് മത്സരങ്ങള്‍ ഓണ്‍ലൈനായിട്ടാവും സംപ്രേഷണം ചെയ്യുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം സംഘടിപ്പിക്കുക.

Top