ഒഡീഷയില്‍ ബ്രാഹ്‌മണര്‍ക്കായി ശ്മശാനം; നിയമവിരുദ്ധമെന്ന നിലപാടില്‍ പ്രതിഷേധവുമായി ദളിത് വിഭാഗങ്ങള്‍

ഭുവനേശ്വര്‍: ബ്രാഹ്‌മണര്‍ക്കായി മാത്രമുള്ള ശ്മശാനത്തിനെതിരെ ദളിത് വിഭാഗത്തിന്റെ പ്രതിഷേധം. ഒഡീഷ നഗരമായ കേന്ദ്രപദയിലാണ് ബ്രാഹ്‌മണരെ സംസ്‌കരിക്കുന്നതിന് മാത്രമായി പൗരസമിതി ശ്മശാനം ഒരുക്കിയത്. ഹസാരിബാഗിച്ചയിലെ ശ്മശാനത്തില്‍ ബ്രാഹ്‌മണരുടെ മൃതദേഹങ്ങള്‍ മാത്രമേ സംസ്‌കരിക്കൂവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദളിത് വിഭാഗങ്ങള്‍ രംഗത്തെത്തി. ബ്രാഹ്‌മണര്‍ക്കായി മാത്രം ശ്മശാനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് സിപിഎം ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഗയാധര്‍ ധാല്‍ പറഞ്ഞു.

തുടര്‍ന്ന് ദളിത് സമാജം തിങ്കളാഴ്ച സര്‍ക്കാരിന് കത്തയച്ചു. ബ്രാഹ്‌മണര്‍ക്ക് വേണ്ടി മാത്രമാണ് പൗരസമിതി ദീര്‍ഘകാലമായി ശ്മശാനം പരിപാലിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും ജാതിമതഭേദമന്യേ എല്ലാ ഹിന്ദുക്കളെയും ഈ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ഒഡീഷ ദളിത് സമാജ് ജില്ലാ യൂണിറ്റ് പ്രസിഡന്റുമായ നാഗേന്ദ്ര ജെന പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ അവഗണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

1928 മുതല്‍ പൗരസമിതി ‘ബ്രാഹ്‌മണ ഷംഷന്‍’ ശ്മശാനം നടത്തുന്നുവെന്നും ശ്മശാനത്തിന്റെ കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രപദ മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രഫുല്ല ചന്ദ്ര ബിസ്വാള്‍ പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവ പ്രകാരം ഉറപ്പുനല്‍കിയിട്ടുള്ള മൗലികാവകാശങ്ങളെയാണ് ‘ബ്രാംഹിന്‍ ഷംഷന്‍’ എന്ന ശ്മശാനം ലംഘിക്കുന്നതെന്ന് കേന്ദ്രപദ അഭിഭാഷകനായ പ്രദീപ്ത ഗോചായത്ത് പറഞ്ഞു.

Top