സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയത്തില്‍ മോദിയെ പ്രശംസിച്ച് മുന്‍ സൈനിക മേധാവി

Narendra Modi

ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുന്‍പ് നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഒരുക്കങ്ങള്‍ 2015 ജൂണില്‍ തുടങ്ങിയെന്ന് മുന്‍ ആര്‍മി ചീഫ് ജനറല്‍ ഡാല്‍ബിര്‍ സിംഗ് സുഹാങ് വെളിപ്പെടുത്തി. വിജയം ഉറപ്പിച്ചു കൊണ്ട് തന്നെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ചരിത്രപരമായ മുഹൂര്‍ത്തങ്ങളെല്ലാം അദ്ദേഹം ഓര്‍ത്തെടുത്തു.

2015 ജൂലൈയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഗുരുതരമായി ബോര്‍ഡറില്‍ തുടങ്ങുമെന്നും ഇന്ത്യ സജ്ജമായി ഇരിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞിരുന്നു. ആ കാലത്തു തന്നെ ആക്രമണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളുടെ പരിശീലനവും നടത്തിയിരുന്നു. മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മൃതദേഹം കൃത്യമായി തിരികെ എത്തിക്കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. ഓപ്പറേഷന്‍ വിജയകരമായിരിക്കണമെന്നും ഇന്ത്യന്‍ സൈന്യത്തില്‍ ഒരു മരണം പോലും ഉണ്ടാകരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു.

ഇനിയും ഇത്തരം മിന്നലാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്ന മറുപടിയാണ് സുഹാങ് നല്‍കിയത. ഇന്ത്യയുടെ കരുത്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ തെളിയിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ സൈനികരും വലിയ ആത്മ വിശ്വാസത്തിലാണ്. ഒരു തവണ വിജയകരമാക്കിയത് വീണ്ടും ആവര്‍ത്തിക്കാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 2016 മിന്നലാക്രമണത്തിന് ശേഷം ഏത് ആക്രമണത്തെയും നേരിടാന്‍ ഇന്ത്യ സദാ സന്നദ്ധമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന് ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയത്. വളരെ പക്വമായ സമീപനമായിരുന്നു അദ്ദേഹം അന്ന് കാണിച്ചതെന്നും മുന്‍ ചീഫ് ജനറല്‍ സാക്ഷ്യപ്പെടുത്തി.

മുന്‍കാലങ്ങളിലെല്ലാം നടന്ന ആക്രമണങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. സാധാരണഗതിയില്‍ ഒരു പ്രത്യേക വിഭാഗത്തെയോ അല്ലെങ്കില്‍ സംഘത്തെയോ ആണ് ആക്രമണത്തിനായി ലക്ഷ്യം വയ്ക്കാറുള്ളത്. എന്നാല്‍ 2016 ലെ മിന്നലാക്രമണം അതിര്‍ത്തി മുഴുവന്‍ ഉള്‍പ്പെടുന്നതായിരുന്നു. അതുപോലെ, സര്‍ജിക്കല്‍ സ്‌ട്രൈക്കിന് രാഷ്ട്രീയമായ അനുമതിയും ഉണ്ടായിരുന്നു. ഒന്നിലധികം ലക്ഷ്യ സ്ഥാനങ്ങളായിരുന്നു സര്‍ജിക്കല്‍ ആക്രമണത്തിന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഇതിന് രാഷ്ട്രീയമായി വലിയ പ്രാധാന്യം കൈവന്നത്. പാക്കിസ്ഥാന്‌ വളരെ കൃത്യമായ മറുപടി കൊടുക്കാനും ഇതിലൂടെ സാധിച്ചതായി മുന്‍ സൈനിക തലവന്‍ അഭിപ്രായപ്പെട്ടു.

2016 സെപ്തംബര്‍ 29നാണ് ഇന്ത്യയുടെ ചരിത്രപരമായ മുന്നേറ്റം അതിര്‍ത്തിയില്‍ ഉണ്ടാകുന്നത്.

Top