സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവി; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 73ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് സൂചന. ഇത് സേനകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ഇത് പ്രാബല്യത്തിലാകുന്നതോടെ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍ രാജ്യത്തുണ്ടാകും.


കനത്ത സുരക്ഷാക്രമീകരണങ്ങളാണ് രാജ്യത്ത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണിത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ആറാം തവണയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.

Top