ഇമ്രാന്‍ ഖാന്‍ കാര്‍ട്ടുണിസ്റ്റുകളുടെ ഇഷ്ട വിഷയം; പരിഹാസവുമായി രാജ്‌നാഥ് സിംഗ്

മുംബൈ: പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇമ്രാന്‍ ഖാന്‍ വാതിലുകള്‍ തോറും നടന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വരയ്ക്കാനുള്ള വിഷയങ്ങള്‍ സൃഷ്ടിക്കുകയാണെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരിഹാസം.

ഇന്ത്യയുടെ കീഴിലുള്ള പ്രദേശങ്ങളിലെ സമാധാനം കെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി തിരിച്ചടിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മുംബൈയിലെ മസ്ഗാവോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍ ഇന്ത്യന്‍ മുങ്ങിക്കപ്പലായ ഐ.എന്‍.എസ്. ഖാന്ധേരി കമ്മീഷന്‍ ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയില്‍ പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖാന്ധേരി, കമ്മീഷന്‍ ചെയ്തതോടെ ഇന്ത്യന്‍ സേന അങ്ങേയറ്റം കരുത്താര്‍ജ്ജിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ മനസിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ സേനയ്ക്ക് ഇനിയും കരുത്ത് നല്‍കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Top