രാമജന്മ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വ്യാജ വെബ് സൈറ്റ് നിര്‍മ്മിച്ച് പണം തട്ടി; അഞ്ച് പേര്‍ അറസ്റ്റില്‍

ലക്‌നോ: അയോധ്യയിലെ രാമജന്മ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ച് പണം തട്ടിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ആഷിഷ് ഗുപ്ത(21), നവീന്‍ കുമാര്‍ സിംഗ്(26), സുമിത് കുമാര്‍(22), അമിത് ഝാ(24), സൂരജ് ഗുപ്ത(22) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളില്‍ മൂന്നു പേര്‍ ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടു പേര്‍ ബിഹാര്‍ സ്വദേശികളാണ്. ഇവരില്‍ നിന്നും അഞ്ച് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്‌ടോപ്പ്, ആധാര്‍ കാര്‍ഡിന്റെ 50 ഫോട്ടോ കോപ്പികള്‍ എന്നിവ പോലീസ് കണ്ടെത്തി.

ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. നോയിഡ സൈബര്‍ പോലീസ് സ്‌റ്റേഷനിലെയും ലക്‌നോ സൈബര്‍ ക്രൈം ഹെഡ്‌ക്വോട്ടേഴ്‌സിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Top