ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തം; ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ സംഭവിച്ചതെന്ന് ഐ.എസ്.ആര്‍.ഒ

ന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തമുണ്ടായെന്നും ശിവശക്തി പോയിന്റില്‍ 108.4 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ പൊടി അകന്നുമാറിയെന്നും വിശദീകരിക്കുകയാണ് ഐ എസ് ആര്‍ ഒ. 2.06 ടണ്‍ പൊടി ഇങ്ങനെ അകന്നുമാറിയെന്നു റിസേര്‍ച്ച് പേപ്പറില്‍ വെളിപ്പെടുത്തുന്നു. സോഫ്റ്റ് ലാന്‍ഡിങിനു മുന്‍പും ശേഷവും ഓര്‍ബിറ്റര്‍ ഹൈ റസലൂഷന്‍ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.

ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. അത് ഓഗസ്റ്റ് 23ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റില്‍’ വിക്രം ലാന്‍ഡറും, പ്രഗ്യാന്‍ റോവറും സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതിന് പിന്നാലെ ചന്ദ്രന്റെ രഹസ്യങ്ങള്‍ അറിയാനുള്ള ആകാംഷയിലായിരുന്നു ശാസ്ത്ര സമൂഹവും ലോകവും. കൃത്യം 10 ഭൗമദിനങ്ങള്‍ പ്രവര്‍ത്തിച്ച് ലാന്‍ഡറും റോവറും ഭൂമിയിലേക്ക് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. സെപ്റ്റംബര്‍ 4ന് ലാന്‍ഡറും റോവറും സ്ലീപ് മോഡിലേക്ക് പ്രവേശിക്കുകയും ചെയ്തു.

എന്നാല്‍ ചന്ദ്രനിലെ അടുത്ത സൂര്യോദയത്തില്‍ ലാന്‍ഡറിനെയും റോവറിനെയും ഉണര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സിഗ്‌നലുകള്‍ ലഭിച്ചില്ല. ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങള്‍, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം വിജയകരമായി കൈമാറിയിട്ടുണ്ട്. വീണ്ടും ലന്‍ഡറും റോവറും സ്ലീപ് മോഡില്‍ നിന്ന് ഉണര്‍ന്നാല്‍ ചന്ദ്രനില്‍ ദൗത്യം തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം. എന്നാല്‍ ചന്ദ്രനിലെ ദൗത്യങ്ങള്‍ തുടരാന്‍ വിക്രം ലാന്‍ഡറും, പ്രഗ്യാന്‍ റോവറും വീണ്ടും ഉണരുമോ എന്ന ആകാംഷ ഇനിയും തുടരുകയാണ്.

ഇക്കാര്യത്തെക്കുറിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രതികരിച്ചത് ഇപ്രകാരമാണ്. ഇപ്പോള്‍ ലാന്‍ഡറും റോവറും സമാധാനമായി ഉറങ്ങുകയാണ്. അത് സുഖമായി ഉറങ്ങട്ടേ. അതിന് തനിയേ എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അത് ഉണരും എന്നായിരുന്നു. എന്നാല്‍ ഉറക്കത്തില്‍ തുടരുന്ന റോവറിനും, ലാന്‍ഡറിനും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്. ഉയര്‍ന്ന റേഡിയേഷനും തണുപ്പും കാരണം ബാറ്ററി റീചാര്‍ജിങ് പ്രയാസകരമാണെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.

ചന്ദ്രനില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന മൈക്രോമെറ്ററോയ്ഡ് പ്രതിഭാസവും ചന്ദ്രയാന്‍ 3ന് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാന്ദ്ര ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇടിക്കുന്ന ചെറിയ ഉല്‍ക്കശിലകളാണിവ. അമേരിക്കയുടെ അപ്പോളോ ഉള്‍പ്പെടെയുള്ള മുന്‍ ചാന്ദ്രദൗത്യങ്ങള്‍ മൈക്രോമെറ്ററോയ്ഡ് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ ദൗത്യം തിരികെ എപ്പോള്‍ പ്രര്‍ത്തിച്ചുതുടങ്ങുമെന്നതില്‍ കൃത്യമായി പറയാന്‍ കഴിയില്ല. ദൗത്യത്തില്‍ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ടെന്നും പുനുരുജ്ജീവനത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

Top