ബോക്സിംഗ് റിംഗില്‍ ഇടിയേറ്റുവീണു; യുവ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം

മോണ്‍ട്രിയാല്‍: ബോക്‌സിംഗ് റിങ്ങില്‍ വച്ച് തലയ്ക്ക് അടിയേറ്റ ബോക്‌സര്‍ക്ക് ദാരുണാന്ത്യം. പ്രൊഫഷണല്‍ ബോക്‌സിങ് പോരാട്ടത്തിനിടെ റിങ്ങില്‍ അടിയേറ്റു വീണ കനേഡിയന്‍ ബോക്‌സര്‍ ജാനറ്റ് സക്കരിയാസ് സപാറ്റയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിലാണ് 18കാരിയായ ബോക്‌സര്‍ അടിയേറ്റു വീണത്. തുടര്‍ന്ന് ആശുപത്രിയിലായിരുന്ന താരം കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. മത്സരത്തിന്റെ നാലാം റൗണ്ടിലാണ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍ ഹുലെയുടെ ഇടിയേറ്റ് സപാറ്റ നിലത്തുവീണത്. ഇതോടെ പിയര്‍ നോക്കൗട്ട് ജയം നേടി. അപ്പോഴും സപാറ്റ എഴുന്നേല്‍ക്കാനാവാതെ റിങ്ങില്‍ കിടക്കുകയായിരുന്നു.

തുടര്‍ന്ന് വൈദ്യ സംഘമെത്തി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിനേറ്റ ക്ഷതം മൂലം സപാറ്റ കോമയിലാണെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ യുവതാരം മരണപ്പെട്ടു എന്നറിയിക്കുകയായിരുന്നു.

സപാറ്റയുടെ മരണത്തിനു പിന്നാലെ പ്രൊഫഷണല്‍ ബോക്‌സിംഗ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തുവന്നു. തലയില്‍ സുരക്ഷാകവചം വെക്കാതെയാണ് താരങ്ങള്‍ പ്രൊഫഷണല്‍ ബോക്‌സിംഗില്‍ മത്സരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

 

Top