മധ്യപ്രദേശില്‍ ‘ഇന്ത്യ’ മുന്നണിയില്‍ വിള്ളല്‍; സ്വന്തമായി അഞ്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.യു

ഡല്‍ഹി: മധ്യപ്രദേശില്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി തകര്‍ച്ചയിലേക്ക്. സ്വന്തമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കക്ഷികളുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് ജെ.ഡി.യു അഞ്ച് സ്ഥാനാര്‍ഥികള്‍ അടങ്ങുന്ന ആദ്യ പട്ടിക പുറത്തിറക്കി. കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ എസ്.പിയും എഎപിയും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ 17-ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ജെ.ഡി.യു. ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജെ.ഡി.യു. ജനറല്‍ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാന്‍ അറിയിച്ചു. 12 ഓളം സീറ്റുകളില്‍ ജെ.ഡി.യു. സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയതലത്തില്‍ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ വഹിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 45 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ‘ഇന്ത്യ’ മുന്നണിയിലെ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചിരുന്നു. 70 ഓളം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്.

Top