കെനിയയില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍; ദിനം തോറും വര്‍ദ്ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്

കെനിയ; ആഫ്രിക്കയില്‍ കെനിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലായി കിലോമീറ്ററുകള്‍ നീണ്ട വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ഈ വര്‍ഷത്തിന്റെ പകുതിയിലാണ്. ഈ വിള്ളല്‍ ദിനം തോറും വര്‍ദ്ധിച്ച് വരുന്നുണ്ടെന്നും ആഫ്രിക്ക എന്ന ഭൂഖണ്ഡം രണ്ടായി പിളരാന്‍ പോകുന്നതിന്റെ ലക്ഷണമാണിതെന്നും ഗവേഷകര്‍ പറയുന്നു.

ഭൂമി വിണ്ട് കീറി രൂപപ്പെട്ട ഗര്‍ത്തം ഏതാനും കിലോമീറ്റര്‍ കൂടി നീണ്ട് പോയാല്‍ അത് കെനിയയിലെ ഏറ്റവും വലിയ പാതയായ നെയ്‌റോബി നാക്‌റോക് ദേശീയ പാതയെ തന്നെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. മേല്‍ത്തട്ടിലെ മണ്ണിടിഞ്ഞു താഴ്ന്നാണ് ഈ നീണ്ട ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.

വരും കാലത്ത് ഇന്നു കാണുന്ന വന്‍കരകളെല്ലാം ആദികാലത്തെ പാന്‍ജിയ എന്ന ഒറ്റ ഭൂഖണ്ഡം പോലെ വീണ്ടും ഒന്നു ചേരുമെന്നും ഭാവിയിലെപ്പോഴോ നടക്കാനിരിക്കുന്ന ആ കൂടിച്ചേരലിന്റെ ആദ്യപടിയാണ് ആഫ്രിക്കന്‍ വന്‍കരയുടെ ഈ പിളര്‍പ്പെന്നുമാണ് ഗവേഷകര്‍ വാദിക്കുന്നത്.

ഭൂമിയിലെ വന്‍കരകളും സമുദ്രവുമെല്ലാമടങ്ങുന്ന മേല്‍ത്തട്ട് സ്ഥിതി ചെയ്യുന്നത് വിവിധ പ്ലേറ്റുകള്‍ക്കു മുകളിലാണ്. ഉദാഹരണമായി ഇന്ത്യയുടെ വലിയൊരു ഭാഗവും സ്ഥിതി ചെയ്യുന്നത് ഇന്തോ ഓസ്‌ട്രേലിയന്‍ പ്ലേറ്റിലാണ്. വടക്കന്‍ മേഖലയിലെ ചില പ്രദേശങ്ങള്‍ യൂറേഷ്യന്‍ പ്ലേറ്റിലും. ഈ രണ്ട് പ്ലേറ്റുകളും നിരന്തരം ചലിച്ചു കൊണ്ടിരിക്കുകയാണ്. യൂറേഷ്യന്‍ പ്ലേറ്റിലേക്ക് ഇന്തോ ഓസ്‌ട്രേലിയന്‍ ഇടിച്ചു കയറുകയാണ്. ഈ പ്ലേറ്റുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഭാഗമായി ഉണ്ടായ പര്‍വ്വതമാണ് ഹിമാലയം.

ഈ പ്ലേറ്റുകള്‍ തമ്മിലുള്ള ഉരസല്‍ ഇപ്പോഴും തുടരുന്നതിനാലാണ് ഹിമാലയത്തിന്റെ ഉയരം വര്‍ഷം തോറും വര്‍ധിച്ച് വരുന്നത്. ഹിമാലയന്‍ മേഖല അതീവ ഭൂകമ്പ സാധ്യതാ പ്രദേശമായി തുടരുന്നതും ഇക്കാരണത്താലാണ്. സമാനമായ പ്രതിഭാസമാണ് ആഫ്രിക്കയില്‍ സംഭവിക്കുന്നതും. പക്ഷെ ഇവിടെ ആഫ്രിക്കന്‍ പ്ലേറ്റ് മറ്റൊരു പ്ലേറ്റുമായി ഉരസുകയല്ല ചെയ്യുന്നത്. മറിച്ച് ആഫ്രിക്കന്‍ പ്ലേറ്റ് തന്നെ രണ്ടായി പിളരുകയാണ്.

റിഫ്റ്റ് വാലിയില്‍ നിന്നാണ് ആഫ്രിക്കയുടെ പിളര്‍പ്പിന്റെ ആരംഭം. ഇന്ത്യന്‍ പ്ലേറ്റും ആഫ്രിക്കന്‍ പ്ലേറ്റും തമ്മിലുണ്ടായ ഉരസല്‍ സൃഷ്ടിച്ച ശക്തിയിലാണ് ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി രൂപപ്പെട്ടത്. റിഫ്റ്റ് വാലിയിലെ പിളര്‍പ്പു പൂര്‍ണ്ണമാകുന്നതോടെ ആഫ്രിക്കന്‍ പ്ലേറ്റ് രണ്ടായി പിളര്‍ന്നു മാറുമെന്നാണ് വിലയിരുത്തല്‍

Top