സിആർ ഓമനക്കുട്ടന് വിട; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു

കൊച്ചി : അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ സി.ആർ. ഓമനക്കുട്ടന്റെ മൃതദേഹം സംസ്കരിച്ചു. രവിപുരത്തെ പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ഒട്ടേറെപ്പേർ ആദരാഞ്ജലികൾ അർപ്പിച്ചു. മമ്മൂട്ടി, എം.കെ. സാനു, സംവിധായകൻ ആഷിഖ് അബു, നടൻമാരായ ഫഹദ് ഫാസിൽ, ജയസൂര്യ, സൗബിൻ ഷാഹിര്‍, മനോജ് കെ ജയൻ എന്നിവരടക്കം നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 2.50നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഓമനക്കുട്ടന്റെ അന്ത്യം.

പ്രഫ.സി.ആർ.ഓമനക്കുട്ടൻ 23 വർഷം എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2010 ൽ, ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാർ സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്, മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി, വിശ്വ വിജ്ഞാനകോശം പത്രാധിപ സമിതി എന്നിവയിൽ അംഗമായിരുന്നു.

Top