ശബരിമലയിൽ യുവതികളെ തടയാൻ പൊലീസ് സംവിധാനം, ചങ്കിടിച്ച് സി.പി.എം !

ബരിമലയില്‍ നവോത്ഥാനം കൈവിട്ട് ഇടതുപക്ഷവും, യുവതികള്‍ മലകയറാന്‍ പ്രാര്‍ത്ഥിച്ച് ബി.ജെ.പിയും. ആക്ടിവിസ്റ്റുകളായ രണ്ട് യുവതികളെ പോലീസ്‌കാവലില്‍ സന്നിധാനത്തെത്തിച്ച സര്‍ക്കാരിന് ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മനംമാറ്റം. ശബരിമല ഉത്സവം സമാപിക്കുന്ന 21ന് മുമ്പ് ഒറ്റ യുവതിയെപ്പോലും സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന കര്‍ക്കശ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പോലീസിനു നല്‍കിയിട്ടുള്ളത്. അതേസമയം യുവതീപ്രവേശത്തെ ശക്തമായി എതിര്‍ത്ത സംഘപരിവാറും ബി.ജെ.പിയും ഒരു യുവതിയെങ്കിലും സന്നിധാനത്തെത്തി ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യചര്‍ച്ചയാകണമെന്ന പ്രാര്‍ത്ഥനയിലുമാണ്.

ശബരിമലയില്‍ യുവതീപ്രവേശനത്തിനു ശേഷം വനിതാ മതില്‍ സൃഷ്ടിച്ചാണ് സര്‍ക്കാര്‍ വിപുല പ്രചരണം നടത്തിയത്. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി അയ്യപ്പജ്യോതിയും തെളിയിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തെ തടയാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പമ്പയിലും സന്നിധാനത്തും തമ്പടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ സംഘപരിവാറുകാരെ പേരിനുപോലും കാണുന്നില്ല. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയലോ യുവതികളുണ്ടോ എന്ന പരിശോധനയോ ഒന്നുമില്ല.

എന്നാല്‍ യുവതികള്‍ സന്നിധാനത്തെത്താതിരിക്കാന്‍ പോലീസാണിപ്പോള്‍ ജാഗ്രത പുലര്‍ത്തുന്നത്. നിലക്കലും പമ്പയിലും സന്നിധാനത്തുമെല്ലാം യുവതികളെ തടയാനും കണ്ടെത്താനുമായി ഷാഡോ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. മണ്ഡല- മകരവിളക്കു കാലത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇപ്പോഴില്ല. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത ശബരിമല തന്ത്രിയെയും പന്തളം രാജകുടുംബത്തെയും കടന്നാക്രമിച്ച ഇടതുപക്ഷം ഇപ്പോള്‍ വോട്ടിനായി ഇവരുടെ കാലുപിടിക്കുന്ന വാര്‍ത്തകളും കൗതുകമാവുകയാണ്. മാവോലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ ശബരിമല തന്ത്രിയെ കണ്ട് താന്‍ വിശ്വാസിയാണെന്നു തന്ത്രി കണ്ഠരര് രാജീവരരുടെ വോട്ട് തനിക്കാണെന്നും പ്രഖ്യാപിച്ചിരുന്നു.

ശബരിമല വിവാദം കത്തി നിന്നപ്പോള്‍ യുവതി പ്രവേശിക്കുകയാണെങ്കില്‍ നടയടയ്ക്കുമെന്നു പറഞ്ഞ തന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി ജി. സുധാകരനും ഇടതുപക്ഷവും സ്വീകരിച്ചിരുന്നത്. തന്ത്രി ദേവസ്വംബോര്‍ഡിന്റെ ജീവനക്കാരനാണെന്നും ചട്ടലംഘനമുണ്ടായാല്‍ നടപടിയെടുക്കുമെന്നുമുള്ള മുന്നറിയിപ്പാണ് മന്ത്രിമാര്‍ നല്‍കിയിരുന്നത്. തിരുവനന്തപുരത്തെ സി.പി.ഐ സ്ഥാനാര്‍ത്ഥി സി. ദിവാകരനും വിശ്വാസിയാണെന്ന പ്രഖ്യാപനവുമായാണ് ക്ഷേത്രദര്‍ശനം നടത്തിയിരിക്കുന്നത്. വിശ്വാസികളുടെ വോട്ടുപിടിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം കൂടിയാണിത്.

ശബരിമല തെരഞ്ഞെടുപ്പ് പ്രചരണമാക്കരുതെന്ന സംസ്ഥാന ചീഫ് ഇലക്ട്ഷന്‍ ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശവും രാഷ്ട്രീയപാര്‍ട്ടികള്‍ ചെവിക്കൊണ്ട അവസ്ഥയല്ല നിലവിലുള്ളത്. ശബരിമല വിഷയമടക്കമുള്ളവ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യുമെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ വിശ്വാസികളുടെ വോട്ടുചോരാതിരിക്കാനുള്ള ജാഗ്രതവേണമെന്ന നിലപാടിലാണ് ഇടതുപക്ഷവും കരുക്കള്‍ നീക്കുന്നത്. നവോത്ഥാനം, വനിതാ മതില്‍ അടക്കമുള്ളവ പ്രചരണ വിഷയമാക്കേണ്ടെന്ന് സൈബര്‍ സഖാക്കള്‍ക്കും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസും പയറ്റുന്നത്.

തിരുവനന്തപുരത്ത് അട്ടിമറി വിജയവും പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്തുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സ്-യു.ഡി.എഫ് നേതൃത്വങ്ങള്‍ 18ല്‍ കുറയാത്ത സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിലെ വിശ്വാസി സമൂഹത്തെ പിടിച്ചുലച്ച ശബരിമല വിവാദത്തില്‍ ഭക്തരുടെ , പ്രത്യേകിച്ച് സ്ത്രീ വിഭാഗങ്ങളുടെ വോട്ടാണ് ഇരു പാര്‍ട്ടികളും ലക്ഷ്യമിടുന്നത്.

ഇടതുപക്ഷത്താകട്ടെ സി.പി.എമ്മിനാണ് ടെന്‍ഷന്‍ മുഴുവന്‍. നിലവിലുള്ള സിറ്റിംഗ് സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലങ്കില്‍ അത് പിണറായി സര്‍ക്കാറിനെതിരായ ജനവിധിയായി ചിത്രീകരിക്കപ്പെടും. ശബരിമല വിഷയത്തില്‍ അയ്യപ്പകോപമായും വിശ്വാസി സമൂഹം രംഗത്ത് വരും. 2021 ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് പോലും മുന്നറിയിപ്പായി മാറും അത്തരം ഒരു വിധിയെഴുത്തെന്ന് സി.പി.എം നേതൃത്വത്തിന് നല്ല പോലെ അറിയാം. അതു കൊണ്ട് തന്നെയാണ് പഴുതടച്ച പ്രതിരോധത്തിനായി ഇടതുപക്ഷവും ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

Top