മിത്ത് വിവാദത്തിലും തട്ടം വിവാദത്തിലും സി.പി.എമ്മിന് ഇരട്ട നിലപാട്, സി.പി.എം അനുഭാവികളിലും വന്‍ പ്രതിഷേധം

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയതു പോലെ വസ്ത്രധാരണം ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെങ്കില്‍ മതവിശ്വാസവും ആരാധനയുമെല്ലാം അങ്ങനെ തന്നെയാണെന്നതും ഓര്‍ത്തു കൊള്ളണം. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നവര്‍ മിത്ത് വിവാദത്തില്‍ സ്പീക്കര്‍ സ്വീകരിച്ച നിലപാടിനെയും പരസ്യമായി തള്ളിപ്പറയാന്‍ തയ്യാറാകണം. അതല്ലങ്കില്‍ സി.പി.എമ്മിന് രണ്ട് വിഷയങ്ങളിലും രണ്ട് നിലപാടെന്നു തന്നെ വിലയിരുത്തേണ്ടി വരും. ഇതെന്തായാലും നിഷ്പക്ഷമായ ഒരു നിലപാടല്ല.

സ്പീക്കര്‍ എ.എന്‍ ഷംസീറും ‘തട്ടം’ വിഷയം ഉയര്‍ത്തിയ അനില്‍കുമാറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. ഷംസീര്‍ പറഞ്ഞത് ശരിയെങ്കില്‍ അനില്‍കുമാര്‍ പറഞ്ഞതും ശരിയാണ്. മറിച്ചാണെങ്കില്‍ രണ്ടും തെറ്റു തന്നെയാണ്. അത് തുറന്നു പറയാനുളള ആര്‍ജ്ജവമാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. ‘ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമായ വസ്ത്രധാരണത്തി ലേക്ക് കടന്ന് കയറേണ്ടുന്ന ഒരു നിലപാടും ആരും തന്നെ സ്വീകരിക്കേണ്ട കാര്യമില്ലന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ‘ഇന്ന വസ്ത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന് പറയാനും വ്യക്തിയുടെ വസ്ത്രധാരണത്തെ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടാനും ആഗ്രഹിക്കുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ടി നിലപാടില്‍ നിന്നും വ്യത്യസ്തമയതിനാല്‍, ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും പാര്‍ടിയുടെ ഭാഗത്ത് നിന്നും ഉന്നയിക്കേണ്ടതില്ല എന്ന ഔദ്യോഗികനിലപാട് വ്യക്തമായി ചൂണ്ടിക്കാട്ടുകയാണ് എം വി ഗോവിന്ദന്‍ ചെയ്തിരിക്കുന്നത്.

ഹൈന്ദവ വിഭാഗം ആരാധിക്കുന്ന ഗണപതിയെ മിത്തെന്ന് വിശേഷിപ്പിച്ച നേതാവിനെ തിരുത്താത്ത സി.പി.എം നേതൃത്വം തട്ടം വിവാദത്തില്‍ സ്വീകരിച്ചത് ഇരട്ടതാപ്പ് നയമാണെന്ന വിമര്‍ശനം ഇതിനകം തന്നെ വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. മുസ്ലീം മതവിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകള്‍ തട്ടം ധരിക്കുന്നതെങ്കില്‍ ഹൈന്ദവ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ഗണപതിയോടുള്ള ആരാധന. അതും സി.പി.എം നേതൃത്വം മറന്നുപോകരുത്. ന്യൂനപക്ഷ മതങ്ങള്‍ സംഘടിതമായതിനാലാണോ നേതാവിനെ പെട്ടന്നു തന്നെ തിരുത്തിയതെന്നതിന് സി.പി.എം നേതൃത്വം മറുപടി പറയുക തന്നെ വേണം. സോഷ്യല്‍ മീഡിയകള്‍ ശക്തമായ പുതിയ കാലത്ത് ഇത്തരം ഇരട്ടതാപ്പ് നയങ്ങള്‍ കൊണ്ട് ഒരു പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ കഴിയുകയില്ല. അതും മനസ്സിലാക്കുന്നത് നല്ലതാണ്.

2019 – ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഇഫക്ട് മാത്രമല്ല ശബരിമല വിഷയം കൂടിയാണ് ഇടതുപക്ഷത്തെ ഒറ്റ സീറ്റില്‍ ഒതുക്കിയിരുന്നത്. യുവതീ പ്രവേശന ഉത്തരവിന്റെ മറപറ്റി രഹന ഫാത്തിമ എന്ന യുവതിയെ ശബരിമലയിലേക്ക് പൊലീസ് സംരക്ഷണയില്‍ കൊണ്ടു പോയ നടപടി ഹൈന്ദവ വിശ്വാസികളില്‍ ഏല്‍പ്പിച്ച മുറിവ് വളരെ വലുതായിരുന്നു. പിന്നീട് വീടുകള്‍ തോറും കയറിയിറങ്ങി തങ്ങള്‍ വിശ്വാസികള്‍ക്ക് എതിരല്ലന്ന് പറയേണ്ട ഗതികേടും സി.പി.എമ്മിനുണ്ടായി. ഈ തിരുത്തല്‍ നടപടികള്‍ കൊണ്ട്. കൈവിട്ട് പോയ വോട്ടുകളില്‍ നല്ലൊരു വിഭാഗത്തെ തിരികെ കൊണ്ടുവരാന്‍ സി.പി.എമ്മിന് സാധിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മതന്യൂനപക്ഷങ്ങളില്‍ നിന്നു പോലും വലിയ പിന്തുണയാണ് ഇടതുപക്ഷത്തിനു ലഭിച്ചിരുന്നത്. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടി ആയപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ചയും സംഭവിക്കുകയുണ്ടായി.

ആദ്യ പിണറായി സര്‍ക്കാറില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഭരണം പോരെന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സി.പി.എം അണികള്‍ക്കിടയില്‍ പോലും ഉണ്ട്. ഇതു തിരിച്ചറിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുള്ള പ്രവര്‍ത്തനത്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. തീര്‍ച്ചയായും ആ നീക്കത്തെ അഭിനന്ദിക്കുന്നു. അതോടൊപ്പം തന്നെ എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം നിര്‍ത്താനുള്ള നടപടികളും സി.പി.എം. സ്വീകരിക്കേണ്ടതുണ്ട്. പ്രത്യയ ശാസ്ത്രപരമായ നിലപാട് നോക്കി മാത്രല്ല ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത്. ഇടതിനേക്കാള്‍ ഭേദമായത് ഇവിടെ ഇല്ലാത്തതു കൊണ്ടു കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ നിലപാടൊക്കെ ഈ പോക്ക് പോയാല്‍ അധികം താമസിയാതെ തന്നെ മാറും.

ഇടതുപക്ഷത്തിന്റെ നന്മകളെ മറച്ച് വച്ച് കടന്നാക്രമിക്കാന്‍ മിത്തും തട്ടവും തന്നെ ധാരാളമാണ്. സി.പി.എം നേതാക്കളുടെ അനവസരത്തിലുള്ള പ്രതികരണങ്ങള്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഗുണം ചെയ്യില്ലന്നത് തിരിച്ചറിയണം. മിത്തും തട്ടവും ചര്‍ച്ച ചെയ്യപ്പെടുന്നത് വിശ്വാസികളുടെ കോപത്തിനാണ് ഇടയാക്കുക. തട്ടത്തില്‍ നേതാവിനെ തിരുത്തുവാന്‍  മുസ്ലീംവോട്ട് നഷ്ടമാകുമെന്ന ഭയമാണ് പ്രേരിപ്പിച്ചതെങ്കില്‍ പുതിയ സാഹചര്യത്തില്‍ മിത്തില്‍ അതിനപ്പുറവും സംഭവിക്കുമെന്നതും തിരിച്ചറിയണം. ഇപ്പോള്‍ തന്നെ രണ്ട് വിഷയങ്ങളിലുമുള്ള സി.പി.എമ്മിന്റെ നിലപാട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ബി.ജെ.പിക്ക് നേട്ടം കൊയ്യാനുള്ള വഴിയാണ് ഇതുവഴി തുറക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പിയേക്കാള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളും ഇഷ്ടപ്പെടുന്ന പാര്‍ട്ടി സി.പി.എം ആണ്. അതു കൊണ്ടു മാത്രമാണ് ബി.ജെ.പിക്ക് കേരളത്തില്‍ വേര് പിടിക്കാന്‍ കഴിയാതിരിക്കുന്നത്.

ഭൂരിപക്ഷ സമുദായം കൈവിട്ടാല്‍ അത് ഇടതുപക്ഷത്തിന് ഉണ്ടാക്കുന്ന തിരിച്ചടി എത്ര ഭീകരമായിരിക്കും എന്നത് നമ്മുടെ ചിന്തകള്‍ക്കും അപ്പുറമായിരിക്കും. പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നടത്തിയ പോരാട്ടമാണ് ഹൈന്ദവ വിഭാഗത്തിലെ വലിയ ഒരുവിഭാഗത്തെ ഇടതുപക്ഷത്തോട് അടുപ്പിച്ച് നിര്‍ത്തുന്നത്. മത – ജാതി സംഘടന നേതൃത്വത്തെ പോലും തള്ളി ചെങ്കൊടിയെ മാറോട് പിടിച്ച ഇവരില്‍ ഭൂരിപക്ഷവും വിശ്വാസികള്‍ ആണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇവരെ സംബന്ധിച്ച് ഗണപതിയെ പോലെ തന്നെയാണ് ചെങ്കൊടിയേയും സ്‌നേഹിക്കുന്നത്. മിത്ത് വിവാദത്തിലൂടെ പോറലേറ്റ ആ മനസ്സുകള്‍ക്കു പോലും ഇപ്പോഴത്തെ സി.പി.എം നിലപാട് പക്ഷപാതപരമാണെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. അതെന്തായാലും പറയാതെ വയ്യ.

EXPRESS KERALA VIEW

Top