CPM’s declared enemy still in Kannur; CPM members in protest

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവും ക്രൂരമായി പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും പെരുമാറിയെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്ന ഡിവൈഎസ്പി സുകുമാരന്‍ ഇടത് ഭരണത്തിലും ജില്ലയില്‍ തുടരുന്നതില്‍ സിപിഎം അണികളിലും നേതാക്കളിലും കടുത്ത പ്രതിഷേധം.

ഇരിട്ടി ഡിവൈഎസ്പിയായിരുന്ന സുകുമാരനെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയമിച്ച ജില്ലാ ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പെരുമ്പാവൂര്‍ ഡിവൈഎസ്പി, എറണാകുളം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ നിയമനം നടത്തിയെങ്കിലും സംസ്ഥാനത്ത് ആദ്യം തെറിക്കുന്ന ഓഫീസറായി കരുതപ്പെട്ടിരുന്ന സുകുമാരന്‍ കഴിഞ്ഞ ഒരുമാസമായി ഇടത് ഭരണത്തിലും തല്‍സ്ഥാനത്ത് തുടരുകയാണ്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണിപ്പോള്‍ സിപിഎം അണികളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.

ഇടതുഭരണം വന്നാല്‍ തന്നെ വിദൂര ജില്ലകളിലേക്ക് എവിടെയെങ്കിലും തെറിപ്പിച്ച് ഒതുക്കുമെന്നാണ് സുകുമാരന്‍ പോലും കരുതിയിരുന്നതത്രെ.

എസ്എഫ്‌ഐ ജില്ലാ നേതാക്കളെയടക്കം പ്രാകൃത ശിക്ഷാ നടപടിക്ക് വിധേയനാക്കിയെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലടക്കം ഇരച്ച് കയറി ഡിവൈഎസ്പിയോടും എസ്പിയോടും എംവി ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ രോഷം പ്രകടിപ്പിച്ചത് ഏറെ വിവാദമായിരുന്നു.

അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും പ്രതിയാക്കിയതിന് പിന്നിലും സുകുമാരന്റെ ഇടപെടലുകളായിരുന്നുവെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആരോപണം.

‘ഭരണം മാറും ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകു’മെന്നായിരുന്നു അന്ന് സിപിഎം നേതാക്കള്‍ കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന സുകുമാരന് നല്‍കിയ മുന്നറിയിപ്പ്.

എന്നാല്‍ ഇപ്പോള്‍ ഭരണം മാറിയിട്ടും സുകുമാരന്‍ ഇവിടെ തന്നെയുണ്ടെന്നാണ് പരിഹാസത്തോടെ രാഷ്ട്രീയ എതിരാളികള്‍ സിപിഎം പ്രവര്‍ത്തകരെ കളിയാക്കുന്നത്.

പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ സിപിഎം അനുകൂലികളായ 20തോളം പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കേസില്‍ പ്രതിയാക്കി സസ്‌പെന്റ് ചെയ്യിപ്പിച്ച് വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റിയതിന് പിന്നിലും ഈ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം.

ഇതിന് പുറമേ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി സിപിഎമ്മുകാരെ തിരഞ്ഞ് പിടിച്ച് കള്ളക്കേസില്‍ കുടുക്കി കോണ്‍ഗ്രസ്സിന്റെ അജണ്ട നടപ്പാക്കാനാണ് ഡിവൈഎസ്പി കസേരയിലിരുന്ന് സുകുമാരന്‍ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രക്ഷോഭങ്ങളും പാര്‍ട്ടി നേതൃത്വത്തില്‍ കണ്ണൂരില്‍ അരങ്ങേറിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ അടുത്തയാളായി അറിയപ്പെട്ടിരുന്ന സുകുമാരനെ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ കാറിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് സ്ഥലം മാറ്റിയിരുന്നത്.

എന്നാല്‍ വിദൂരജില്ലയിലേക്ക് മാറ്റണമെന്നും ക്രമസമാധാന ചുമതലയില്‍ നിയമിക്കരുതെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ ഭാഗം സുധാകരന്റെ ഇടപെടല്‍മൂലം സര്‍ക്കാര്‍ അവഗണിച്ചു. തുടര്‍ന്നാണ് ഇരിട്ടിയില്‍ ക്രമസമാധാനന ചുമതലയുള്ള ഡിവൈഎസ്പിയായി സുകുമാരനെ നിയമിച്ചിരുന്നത്.

പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുകുമാരന്റെ കൂടി താല്‍പര്യം പരിഗണിച്ച് ജില്ലാ ക്രൈം റിക്കാര്‍ഡ് ബ്യൂറോയിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.

പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്ത് ഒരുമാസം പിന്നിട്ടിട്ടും സുകുമാരന്‍ ജില്ലയില്‍ തന്നെ അതേ തസ്തികയില്‍ തുടരുന്നത് സംഘടനാപരമായും സിപിഎം ജില്ലാ നേതൃത്വത്തിനിപ്പോള്‍ തലവേദനയായിരിക്കുകയാണ്. ഇത്രയധികം പാര്‍ട്ടിയെ ദ്രോഹിച്ച ഈ ഉദ്യോഗസ്ഥനെ എന്തിനാണ് ഇടത് സര്‍ക്കാര്‍ ജില്ലയില്‍ തന്നെ നിയമിച്ചതെന്ന അണികളുടെ ചോദ്യത്തിന് മുന്നില്‍ നേതൃത്വവും ഉത്തരംമുട്ടി നില്‍ക്കുകയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഗുഡ്‌ലിസ്റ്റില്‍ പെട്ട ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ തന്നെ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നതാണ് സുകുമാരനെ പോലുള്ളവര്‍ക്ക് തണലാകുന്നതെന്നാണ് ഒരുവിഭാഗം സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്. നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെന്നിത്തല ശക്തമായ ഇടപെടല്‍ നടത്തിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ മൂലം ആ നീക്കം പാളുകയായിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ അഴിമതി സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ച മന്ത്രിസഭാ ഉപസമിതി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയിലും ഇടത് നേതൃത്വത്തില്‍ കടുത്ത അതൃപ്തിയുണ്ട്.

അന്ന് ചെന്നിത്തല ഫയലില്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്നത് നളിനി നെറ്റോയുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഹരി പി നായരുടെയും നേതൃത്വത്തിലായിരുന്നു. നളിനി നെറ്റോ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ക്ലീന്‍ ചിറ്റ് ചെന്നിത്തലക്ക് ലഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പൊലീസ് നിയമനത്തട്ടിപ്പടക്കമുള്ള വിവാദ കേസുകളില്‍ രമേശ് ചെന്നിത്തലക്കും ചെന്നിത്തലയുടെ ഓഫീസിനുമെതിരെ കേസിലെ പ്രതി തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നതാണ്. മാത്രമല്ല കളങ്കിതരായ ഐപിഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട സഹായവും ഇക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ക്ലീന്‍ ചിറ്റ്.

സുകുമാരന്റെ കാര്യത്തില്‍ മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വലിയ യജമാനഭക്തി കാണിച്ചവരും ഗുരുതര ആരോപണങ്ങളില്‍ പെട്ടവരുമെല്ലാം ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിവിധ തസ്തികകളിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ തന്ത്രപ്രധാനമായ സ്ഥാനത്ത് തന്നെ വീണ്ടും എത്തിയിട്ടുണ്ട്.

പൊലീസ് ഉന്നത നിയമനങ്ങളില്‍ പാര്‍ട്ടി താല്‍പര്യം പരിഗണിക്കപ്പെടുന്നില്ല എന്ന ആക്ഷേപം വ്യാപകമായ സാഹചര്യത്തില്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഇനിയെങ്കിലും ഇടപെടുമെന്ന പ്രതീക്ഷയിലാണ് സിപിഎം അണികള്‍.

Top