നവോത്ഥാന നായകനായി വെള്ളാപ്പള്ളി ! വീണ്ടും ചരിത്രപരമായ മണ്ടത്തരമോ ?

തിരഞ്ഞെടുപ്പ് വിജയവും പരാജയവും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്. കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരല്ല കമ്യൂണിസ്റ്റുകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുന്ന തിരിച്ചടി അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക.

ജനപിന്തുണയില്ലാതെ ഒരു സമരവും വിജയിച്ച ചരിത്രമില്ല. അതുകൊണ്ടു തന്നെയാണ് കമ്യൂണിസ്റ്റുകള്‍ പോലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഒരു പോരാട്ടമായി കാണുന്നത്. സായുധ വിപ്ലവത്തിലൂടെ മാത്രമല്ല ബാലറ്റ് പേപ്പറിലൂടെയും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് ലോകത്ത് ആദ്യമായി കാണിച്ചു കൊടുത്തത് കേരളത്തിലെ കമ്യൂണിസ്റ്റുകളാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആ സര്‍ക്കാരാണ് കേരളത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരുന്നത്.

ജാതീയതയ്ക്കും വര്‍ഗ്ഗീയതയ്ക്കും ജന്മിത്വത്തിനും എതിരെ പോരാടിയ ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ ചരിത്രം. ആ ചരിത്രം മറന്ന് ജാതി- മത ശക്തികളെ പാലൂട്ടി വളര്‍ത്തുന്ന നിലപാട് പിണറായി സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കരുത്. ഇടതുപക്ഷ നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങള്‍ ഉഴുത് മറിച്ച് പാകപ്പെടുത്തിയ മണ്ണില്‍ അശാന്തിയുടെ വിത്തുകള്‍ മുളയ്ക്കുന്നത് ചുവപ്പ് രാഷ്ട്രീയത്തിന് തന്നെയാണ് ഒടുവില്‍ ഭീഷണിയാകുക.

വെള്ളാപ്പള്ളി നടേശനെ പോലെയുള്ളവരെ മുന്‍നിര്‍ത്തി എന്ത് നവോത്ഥാനം സംരക്ഷിക്കാന്‍ ശ്രമിച്ചാലും അത് പാളും. പ്രബുദ്ധരായ കേരളത്തിലെ ജനത അത് ഉള്‍ക്കൊള്ളുകയില്ല. മകനെ ബി.ജെ.പി പാളയത്തില്‍ നിര്‍ത്തി വെള്ളാപ്പള്ളി പയറ്റുന്ന രാഷ്ട്രീയം എന്താണെന്ന് തിരിച്ചറിയുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയുടെ പിറവിക്ക് പിന്നില്‍ തന്നെ വെള്ളാപ്പള്ളിയും ആര്‍.എസ്.എസും മാത്രമായിരുന്നു.

ഇപ്പോള്‍ സര്‍ക്കാരുമായി വെള്ളാപ്പള്ളി സഹകരിക്കുന്നതിന്റെ ഉദ്ദേശ്യം നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനല്ല, സ്വയംരക്ഷ നോക്കി മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം സി.പി.എമ്മിന് തിരിച്ചറിയണമെങ്കില്‍ ഇനി പിണറായി സര്‍ക്കാറിന്റെ കാലാവധി കഴിയുന്നത് വരെ കാത്തുനില്‍ക്കേണ്ടി വരും. എന്നും അധികാര കേന്ദ്രങ്ങളോട് അടുത്ത് നിന്ന ചരിത്രം മാത്രമാണ് വെള്ളാപ്പള്ളി കുടുംബത്തിനുള്ളത്. നിലവില്‍ ഒരേസമയം കേരള- കേന്ദ്ര സര്‍ക്കാരുകളുടെ ഒപ്പമാണ് അച്ഛനും മകനും നില്‍ക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്ന വെള്ളാപ്പള്ളി വീണ്ടും മോദി അധികാരത്തില്‍ വന്നതോടെ നിശബ്ദനായിരിക്കുകയാണ്. വീണ്ടും ഇപ്പോള്‍ തലപൊക്കിയിരിക്കുന്നത് മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംരക്ഷണ സമിതി യോഗത്തില്‍ മാത്രമാണ്. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരായ പ്രതിരോധം നല്ലതൊക്കെ തന്നെയാണ്. അതിന് പക്ഷേ ജനനേതാക്കളാണ് നേതൃത്വം കൊടുക്കേണ്ടത്. നായകനില്‍ സംശയം തോന്നിയാല്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യശുദ്ധി തന്നെയാണ് ചോദ്യം ചെയ്യപ്പെടുക.

വനിതാ മതില്‍ വലിയ വിജയമായത് സി.പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും കരുത്തിനാലാണ്. അല്ലാതെ എസ്.എന്‍.ഡി.പി യോഗത്തിന്റെ കരുത്തിലല്ല. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നെഞ്ചു കൊണ്ട് നിരവധി തവണ അളന്നവരാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. മനുഷ്യമതിലും മനുഷ്യചങ്ങലയുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. അതുകൊണ്ട് തന്നെ വനിതാ മതിലിന്റെ വിജയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും അന്ന് തന്നെ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ ആ നവോത്ഥാന മതില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടിഞ്ഞ് വീഴുന്ന കാഴ്ചയാണ് കേരളം പിന്നീട് കണ്ടത്.

ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ സമുദായത്തിലുയര്‍ന്ന ആശങ്കയാണ് ഇടതുപക്ഷ തോല്‍വിയുടെ പ്രധാന കാരണം. രാഹുല്‍ എഫക്ടില്‍ ന്യൂനപക്ഷ വോട്ട് കൈവിട്ടതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍ പാര വച്ചില്ലായിരുന്നു എങ്കില്‍ ആലപ്പുഴയും കൈവിടുമായിരുന്നു. 19 ലോക്സഭ മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം തന്നെ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് മറ്റെല്ലായിടത്തും തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. ബി.ജെ.പിയും മറ്റു സംഘപരിവാര്‍ സംഘടനകളും വിതച്ചത് ഇവിടെ യു.ഡി.എഫ് കൊയ്തു എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു സീറ്റില്‍ പോലും വിജയിച്ചില്ലെങ്കിലും പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും വലിയ വോട്ട് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണത്തിലും നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ബി.ജെ.പിയാണ്. വട്ടിയൂര്‍കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളാണിവ. ശക്തമായ ത്രികോണ മത്സരമാണ് ഈ മണ്ഡലങ്ങളില്‍ ഇനി നടക്കാന്‍ പോകുന്നത്. ഈ മൂന്ന് സീറ്റില്‍ ഒന്നില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ പോലും അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ നേട്ടമാകും. ഇതോടെ കേരളത്തില്‍ പുതിയ പാതയാകും അവര്‍ക്ക് മുന്നില്‍ തുറക്കപ്പെടുക.

ഈ സാഹചര്യത്തില്‍ വീണ്ടും നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെ രംഗത്തിറക്കിയത് തിരിച്ചടിയാകുമോ എന്ന് ഇടതുപക്ഷമാണ് ഇനി പരിശോധിക്കേണ്ടത്. വിശ്വാസികള്‍ക്ക് എതിരായ നീക്കമായി പുതിയ നീക്കത്തെയും പ്രതിപക്ഷം ചിത്രീകരിക്കും. വെള്ളാപ്പള്ളി തലപ്പത്തുള്ളതിനാല്‍ ഇടതുപക്ഷ അനുഭാവികള്‍ പോലും സംശയത്തോടെ മാത്രമേ നവോത്ഥാന പ്രവര്‍ത്തനങ്ങളെ കാണുകയുമുള്ളു.

പരമ്പരാഗതമായ വിശ്വാസങ്ങള്‍ക്കു മേല്‍ എതിര്‍പ്പുയര്‍ത്തുന്നത് എന്തായാലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് വലിയ ഗുണം ചെയ്യില്ല. തിരിച്ചടിക്കാന്‍ സാധ്യതയേറെയുമാണ്. പ്രത്യേകിച്ച് ഒരു സമുദായത്തിനെ മാത്രമാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇക്കാര്യം ഗൗരവമായി കാണേണ്ടത് തന്നെയാണ്. രാഷ്ട്രീയം പറഞ്ഞ് തന്നെ വിജയിക്കാന്‍ പറ്റാവുന്ന സാഹചര്യം നിലവില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ട്.

രക്ഷകനില്‍ വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്ത ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനെ ഉപതിരഞ്ഞെടുപ്പില്‍ കൈവിടാനും സാധ്യതയേറെയാണ്. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ കഴിയാതിരുന്നതില്‍ ബി.ജെ.പിയും ഇപ്പോള്‍ പ്രതിരോധത്തിലാണ്. ഈ സാഹചര്യം ശരിക്കും ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിനാണ് കഴിയുക. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ജാതി- മത നേതാക്കളെ മുന്‍നിര്‍ത്തി വീണ്ടും നവോത്ഥാനം കളിക്കാന്‍ ഇറങ്ങിയാല്‍ പണി പാളും. സ്വന്തം സമുദായംഗങ്ങളില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കാത്ത നേതാക്കളാണ് നവോത്ഥാന സമിതിയുടെ തലപ്പത്തുള്ളത് എന്നത് ഇടതുപക്ഷം വൈകിയെങ്കിലും തിരിച്ചറിയുന്നത് നല്ലതായിരിക്കും.

സ്വന്തം കഴിവിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വിശ്വാസം വേണ്ടത്. വിശ്വാസികളായ ബഹുഭൂരിപക്ഷം വരുന്ന ജനതയാണ് ചെങ്കൊടിയുടെ കരുത്ത്. അവരുടെ മനസ്സിനെ പോറലേല്‍പ്പിക്കുന്ന നിലപാടുകള്‍ ഇനിയും ഉണ്ടാകരുത്. അത് ആപത്താണ്. രാജ്യത്ത് ചുവപ്പ് സൂര്യന്‍ ഉദിച്ച് നില്‍ക്കുന്നത് ഈ കൊച്ചു കേരളത്തില്‍ മാത്രമാണ്. ഇവിടെയും കൂടി അസ്തമിച്ചാല്‍ ഇരുട്ടിലാകുക ഇപ്പോഴും ചെങ്കൊടിയെ വിശ്വസിക്കുന്ന ഒരു ജനതയാണ്. അക്കാര്യം ഓര്‍ത്തിട്ട് വേണം മുന്നോട്ട് പോകാന്‍.

Express View

Top