ഇടതുപക്ഷം എടുത്ത ഈ തീരുമാനം പാലായിൽ പാലം വലിക്കുന്ന തീരുമാനം ! !

ടതുപക്ഷം എന്നാല്‍ അത് പ്രധാനമായും സി.പി.എം മാത്രമാണ്. ഏതാനും ജില്ലകളില്‍ മാത്രം സ്വാധീനമുള്ള സി.പി.ഐയെ മാറ്റി നിര്‍ത്തിയാല്‍ മറ്റു ഇടത് പാര്‍ട്ടികള്‍ വെറും കടലാസ് സംഘടനകള്‍ മാത്രമാണ്. സി.പി.എമ്മിന്റെ സംഘടനാ ശക്തി കൊണ്ടു മാത്രം നിലനിന്നു പോകുന്ന ഘടക കക്ഷികളാണവര്‍. രണ്ട് എം.എല്‍.എമാരും ഒരു മന്ത്രിയുമുള്ള എന്‍.സി.പിയും ആ വിഭാഗത്തില്‍ പെടുന്നതാണ്. ഒരു ബസില്‍ കയറ്റി കൊണ്ടു പോകാനുള്ള പ്രവര്‍ത്തകര്‍ പോലും ഇല്ലാത്ത പാര്‍ട്ടിയെന്ന് ആളുകള്‍ കളിയാക്കുന്നത് വെറുതെയല്ല. അതില്‍ ചില കാര്യമൊക്കെയുണ്ട്.

നിലവില്‍ എന്‍.സി.പിക്ക് സി.പി.എം കൊടുത്ത പരിഗണന തന്നെ വളരെ വലുതാണ്. അര്‍ഹതയില്ലാത്ത സ്ഥാനമാനങ്ങളാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോള്‍ അലങ്കരിക്കുന്നത്. മാത്രമല്ല സര്‍ക്കാറിനും മുന്നണിക്കും മാനക്കേട് ഉണ്ടാക്കിയവരാണ് എന്‍.സി.പിയുടെ ഈ രണ്ട് ജനപ്രതിനിധികളും. എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നത് കേരളം മറന്നിട്ടില്ല. പരാതിക്കാരി പിന്‍വാങ്ങിയത് കൊണ്ടു മാത്രമാണ് ശശീന്ദ്രന്‍ രക്ഷപ്പെട്ടത്. അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കിയത് തന്നെ സി.പി.എം ചെയ്ത വലിയ തെറ്റാണ്.

ഇത്രയും വലിയ വിട്ടുവീഴ്ചയും പരിഗണനയും നല്‍കിയിട്ടും എന്ത് നേട്ടമാണ് ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഉണ്ടായതെന്നത് കൂടി നേതാക്കള്‍ പരിശോധിക്കണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും എന്‍.സി.പിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്നും അവര്‍ വിട്ടു നല്‍കിയിട്ടില്ല.

കര്‍ഷക സമരങ്ങളില്‍ തിളച്ച് മറിഞ്ഞ മണ്ഡലത്തില്‍ എന്‍.സി.പി പിന്തുണയുണ്ടായിരുന്നുവെങ്കില്‍ പാര്‍ഘര്‍, ഡിന്‍ഡോളി മണ്ഡലങ്ങളില്‍ വിധി മറിച്ചാകുമായിരുന്നു.കര്‍ഷക ലോങ്മാര്‍ച്ചിനു ശേഷം ചെമ്പട കൈവരിച്ച ശക്തി ഉപയോഗപ്പെടുത്താതെ എന്‍.സി.പി മുഖം തിരിക്കുകയായിരുന്നു. അവര്‍ കോണ്‍ഗ്രസ്സുമായി സഖ്യമായി മത്സരിച്ചാണ് വന്‍ തിരിച്ചടി ഏറ്റുവാങ്ങിയത്.

ആകെയുള്ള 48 സീറ്റില്‍ 41ഉം ബി.ജെ.പി- ശിവസേന സഖ്യമാണ് തൂത്തുവാരിയത്. നാല് സീറ്റില്‍ എന്‍.സി.പിയും ഒരു സീറ്റില്‍ കോണ്‍ഗ്രസ്സും മറ്റുള്ളവര്‍ രണ്ടു സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്.മഹാരാഷ്ട്രയില്‍ ചെങ്കൊടിയ്ക്ക് നേരെ മുഖം തിരിച്ചവര്‍ക്ക് കേരളത്തില്‍ വീണ്ടും ചുവപ്പ് പരവതാനി വിരിക്കുന്നത് ശരിയാണോ എന്നത് സി.പി.എം നേതൃത്വമാണ് ചിന്തിക്കേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതുണ്ടായിട്ടില്ല.

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിയെ മത്സരിക്കാനുള്ള നീക്കം അതാണ് സൂചിപ്പിക്കുന്നത്. ഈ നീക്കം വലിയ ഒരു അബദ്ധം തന്നെയാണ്. മൂന്നു തവണ ഇതേ മണ്ഡലത്തില്‍ മത്സരിച്ചു തോറ്റ സ്ഥാനാര്‍ത്ഥിയെ വീണ്ടും മത്സരിപ്പിക്കുന്നത് ചരിത്രപരമായ മണ്ടത്തരമാണ്.

സി.പി.എം ഈ സീറ്റ് ഏറ്റെടുത്ത് മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നത്. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ബാര്‍ കോഴയും അഴിമതിയുമൊന്നും ഈ തെരഞ്ഞെടുപ്പില്‍ എതിരാളിക്കെതിരെ ഏശില്ല. അവിടെ കേരള കോണ്‍ഗ്രസ്സിലെ ഭിന്നതയും കോണ്‍ഗ്രസ്സ് നേതാക്കളുടെ കാവി പ്രേമവുമൊക്കെയേ വിലപ്പോവുകയുള്ളൂ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.എം മാണിയെ 4,703 വോട്ടിന് തളച്ചതിന്റെ ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ‘പണി’ പാളുമെന്ന കാര്യം ഉറപ്പാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം പാലാ മണ്ഡലത്തില്‍ 33,000ത്തില്‍ അധികം ലീഡ് യു.ഡി.എഫിനുണ്ട്. ഈ ആത്മവിശ്വാസത്തോടെയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ഥാനാര്‍ത്ഥിയും ചിഹ്നവും പാര്‍ട്ടിയുടെ കരുത്തുമെല്ലാം വിജയകാര്യത്തില്‍ പാലായില്‍ പ്രധാന ഘടകമാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് രംഗത്തിറക്കാന്‍ പോകുന്നത്.

ഇത് ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു പോകുക. പരമ്പരാഗതമായ ഇടതുപക്ഷ വോട്ട് ബാങ്ക് ബി.ജെ.പി ചോര്‍ത്തിയത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. അത് ശബരിമല വിഷയത്തിന്റെ പ്രതിഫലനമായിരുന്നു. ഇത്തവണ ബി.ജെ.പി മുന്നണി ദേശീയത പറഞ്ഞാണ് വോട്ട് പിടിക്കാന്‍ പോകുന്നത്. യു.ഡി.എഫും എന്‍.ഡി.എയും ഒരു പോലെയാണ് ഇടതു സര്‍ക്കാറിനെ ആക്രമിക്കുക. ഇതിനെ ചെറുക്കാന്‍ ഇടതുപക്ഷത്ത് കാര്യമായി സി.പി.എം മാത്രമേ ഉണ്ടാകുകയുള്ളൂ.

പാലായില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തുന്നതിനേക്കാള്‍ സി.പി.എം ഭയക്കേണ്ടത് എന്‍.ഡി.എ വോട്ട് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയെയാണ്. കാരണം കേന്ദ്ര ഭരണവും കേന്ദ്ര മന്ത്രി വി. മുരളീധരന്റെ സാന്നിധ്യവും പണമിറക്കി കളിക്കാനുള്ള ശേഷിയുമെല്ലാം ആ മുന്നണിയ്ക്ക് ഇത്തവണയുണ്ട്.

മുന്‍ കേന്ദ്ര മന്ത്രി പി.സി തോമസിനും പി.സി ജോര്‍ജിനും അരമനകളുമായുള്ള ബന്ധവും ചെറുതല്ല. ഇതും എന്‍.ഡി.എയെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. എന്‍.ഡി.എ പിടിക്കുന്ന വോട്ട് ഏത് മുന്നണിയ്ക്കാണ് പ്രഹരമേല്‍പ്പിക്കുക എന്നത് മറ്റ് അഞ്ച് ഉപതെരഞ്ഞെടുപ്പ് ഫലത്തേയും സ്വാധീനിക്കാനും സാധ്യതയേറെയാണ്.

2021 ലെ നിയമസഭാതെരഞ്ഞെടുപ്പിലും ഈ ഉപതെരഞ്ഞെടുപ്പ് ഫലം വലിയ സ്വാധീനമാണ് ചെലുത്തുക. സങ്കീര്‍ണ്ണമായ ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം പാലായില്‍ നിര്‍ത്തേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ ചെമ്പടയ്ക്ക് പാളിച്ച പറ്റിയോ എന്നത് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എന്തായാലും വ്യക്തമാവും.

Team Express Kerala

Top