സീറ്റു മോഹികൾ ഇനിയും വൻ വെല്ലുവിളി, പ്രതിപക്ഷം കണ്ടു പഠിക്കേണ്ടത് സിപിഎമ്മിനെ

ലോകം തന്നെ കീഴ്‌മേല്‍ മറിഞ്ഞാലും ബി.ജെ.പി – ആര്‍.എസ്.എസ് വിഭാഗങ്ങളോട് സന്ധിചേരാത്ത ഒരേയൊരു പാര്‍ട്ടിയേ ഇന്ത്യയിലുള്ളു, അത് സി.പി.എമ്മാണ്. ഇടതുപക്ഷമാണ്. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് ഭൂരിപക്ഷ അഭിപ്രായ പ്രകാരം മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന ഏക പാര്‍ട്ടിയും ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ്. ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ബഹുദൂരം മുന്നോട്ട് പോകാന്‍ ചെമ്പടക്ക് കരുത്തായത് സുതാര്യമായ സംഘടനാ നടപടിക്രമമാണ്. ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലടിയിലും വിഭാഗീയതയിലും പെട്ട് ഉഴലുമ്പോള്‍ ഒന്നാം റൗണ്ട് പര്യടനമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കുന്നത്.

ബി.ജെ.പിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മുതല്‍ ജനറല്‍ സെക്രട്ടറിമാര്‍ വരെയാണ് ഇഷ്ട സീറ്റിനായി അവസാന നിമിഷം വരെ പൊരുതിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ താമര വിരിയിക്കുമെന്ന് ശപഥം ചെയ്ത സംസ്ഥാന നേതാക്കള്‍ തമ്മിലടിക്കുന്നത് കണ്ട് അന്തം വിട്ട് നില്‍ക്കേണ്ടി വന്നത് ആ പാര്‍ട്ടിയുടെ ദേശീയ നേത്യത്വത്തിന് കൂടിയാണ്. ഒരു സീറ്റു മാത്രം നിയമസഭയിലുള്ള പാര്‍ട്ടിയുടെ അവസ്ഥയാണിത്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായെങ്കിലും നേതാക്കളുടെ തമ്മിലടി പ്രവര്‍ത്തനത്തിലും ബാധിച്ചാല്‍ അത് കാവി പടക്ക് വന്‍ തിരിച്ചടിയായി മാറും. സമാന സാഹചര്യം തന്നെയാണ് കോണ്‍ഗ്രസ്സിനും ഉള്ളത്.

ഗ്രൂപ്പുകള്‍ തിരിഞ്ഞ് പടവെട്ടിയാണ് എല്ലാവരും സീറ്റുകള്‍ പിടിച്ചെടുത്തത്. ഈ പോരാട്ടത്തില്‍ മുറിവേറ്റവരാകട്ടെ പാരവയ്ക്കാനുള്ള നീക്കത്തിലുമാണ്. എറണാകുളത്ത് സീറ്റ് നല്‍കാത്തതിനാല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയത് മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസാണ്. ബി.ജെ.പിയിലേക്ക് വേണ്ടി വന്നാല്‍ പോകുമെന്ന സൂചന നല്‍കുന്നതായിരുന്നു ഈ നേതാവിന്റെ പരസ്യ പ്രതികരണം.

എ.ഐ.സി.സി വക്താവ് ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയ പോലെ ആകില്ല തോമസ് മാഷ് കളം മാറ്റിയാല്‍ എന്നത് വ്യക്തം. ഈ അപകടം മുന്നില്‍ കണ്ട് തന്നെയാണ് സാക്ഷാല്‍ സോണിയ ഗാന്ധി തന്നെ അനുനയ നീക്കവുമായി മുന്നോട്ട് വന്നത്. ബി.ജെ.പിയിലേക്ക് ഈ തന്ത്രശാലിയായ നേതാവ് പോകാതിരിക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും, എം.എല്‍എ സ്ഥാനവും മാത്രമല്ല രാജ്യസഭാ സീറ്റ് വാഗ്ദാനം വരെ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഒരു മുന്‍ കേന്ദ്ര മന്ത്രി മറുകണ്ടം ചാടാതിരിക്കാന്‍ ഇത്രയും ഓഫറുകള്‍ വയ്‌ക്കേണ്ടി വന്നത് പൊതു സമൂഹത്തില്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്ങനെയാണ് ഇനി കോണ്‍ഗ്രസ്സിന് വിശ്വസിച്ച് വോട്ട് ചെയ്യുക എന്ന ചോദ്യം കോണ്‍ഗ്രസ്സിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്നവരില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ മാത്രം പതിവായ ഈ കുടുമാറല്‍ രാഷ്ട്രീയം കേരള നേതാക്കളും പിന്തുടരുവാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസ്സ് അണികളെയും നിരാശപ്പെടുത്തുന്നത്.

സോണിയയുടെ സമവായ ഓഫറില്‍ വീണെങ്കിലും കെ.വി തോമസ് ഇപ്പോഴും ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്. ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കാന്‍ തയ്യാറായിട്ടില്ല. തോമസ് മാഷ് പാരവയ്ക്കും എന്ന് കണക്ക് കൂട്ടി തന്നെയാണ് ഹൈബിയുടെ അനുയായികളും നിലവിലല്‍ പ്രചരണം തുടരുന്നത്. വടകര, വയനാട്, ആലപ്പുഴ, ഇടുക്കി, കോട്ടയം സീറ്റുകള്‍ മോഹിച്ച നേതാക്കളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കരുക്കള്‍ നീക്കുവാനുള്ള സാധ്യതയും കുടുതലാണ്.

ഇടുക്കിയിലും കോട്ടയത്തും കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗമാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇവര്‍ പാലം വലിക്കുമോ എന്ന കാര്യത്തില്‍ കെ.എം മാണിക്ക് തന്നെ ആശങ്കയുണ്ട്. കോണ്‍ഗ്രസ്സിലെ എ- ഐ ഗ്രൂപ്പുകളും കടുത്ത ആശങ്കയിലാണ്. സീറ്റ് വിഭജനത്തില്‍ എ ഗ്രൂപ്പ് നേട്ടം ഉണ്ടാക്കിയത് ഐ ഗ്രൂപ്പിനെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. വയനാട് വിട്ടുകൊടുക്കേണ്ടി വന്നതാണ് അതില്‍ പ്രധാനം. പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലങ്കിലും പാരവയ്പ് രാഷ്ട്രീയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്.

Top