ഇടതുപക്ഷത്ത് എത്തുക എളുപ്പമാകില്ല, ബി.ഡി.ജെ.എസ് ഇനി പെരുവഴിയിലാകും !

ബി.ഡി.ജെ.എസിന്റെ ഇടതു പ്രവേശനം തടയാന്‍ സി.പി.ഐ രംഗത്ത്. സി.പി.എം നേതാക്കളെ സ്വാധീനിച്ച് മുന്നണിയിലെത്താനുള്ള ബി.ഡി.ജെ.എസ് നീക്കം ഒരിക്കലും നടക്കില്ലന്ന സൂചനയാണ് സി.പി.ഐ കേന്ദ്രങ്ങളിപ്പോള്‍ നല്‍കുന്നത്. ആര്‍ക്കും ഓടി കയറാന്‍ ഇടതുപക്ഷം വാതില്‍ തുറന്നിട്ടിരിക്കുകയല്ലന്ന കാനം രാജേന്ദ്രന്റെ പ്രതികരണം ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലന്ന് വ്യക്തമാക്കുന്നതാണ്. മുന്‍പ് കേരള കോണ്‍ഗ്രസ്സ് ഇടതു പക്ഷത്തേക്ക് വരുമെന്ന അഭ്യൂഹം ഉയര്‍ന്നപ്പോഴും സമാന നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരുന്നത്.

ഇടതുപക്ഷത്ത് സി.പി.എം കഴിഞ്ഞാല്‍ ഏറ്റവും വലിയ പാര്‍ട്ടിയാണ് സി.പി.ഐ.പ്രധാനമായും കൊല്ലം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് ഈ പാര്‍ട്ടിക്ക് സ്വാധീനമുള്ളത്.

ബി.ഡി.ജെ.എസിന്റെ കാര്യത്തില്‍ സി.പി.ഐ അനുകൂല തീരുമാനമെടുക്കാതെ മുന്നണി പ്രവേശനം സാധ്യമാകില്ല. ഇടതുപക്ഷത്തെ മറ്റ് പാര്‍ട്ടികള്‍ക്കും ബി.ഡി.ജെ.എസിനെ സ്വീകരിക്കുന്നതിനോട് കടുത്ത എതിര്‍പ്പാണുള്ളത്. എന്നാല്‍ ഒരു ജനസ്വാധീനവും ഇല്ലാത്തതിനാല്‍ ഇവര്‍ക്കാര്‍ക്കും എതിരഭിപ്രായം ശക്തമായി പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.

ബി.ഡി.ജെ.എസിനെ ഇടതുപക്ഷത്തേക്ക് സ്വീകരിച്ചാല്‍ തങ്ങളുടെ സീറ്റുകളില്‍ പലതും വിട്ടു നല്‍കേണ്ടി വരുമെന്ന ആശങ്ക ഘടകകക്ഷികള്‍ക്കെല്ലാമുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.ഐ നിലപാടിനൊപ്പം നില്‍ക്കാനാണ് ഇവരില്‍ മിക്കവര്‍ക്കും താല്‍പ്പര്യം. വെള്ളാപ്പള്ളിമാരുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബി.ഡി.ജെ.എസ് ഇടതുപക്ഷത്തിന് ചേര്‍ന്ന പാര്‍ട്ടിയല്ലന്നതാണ് സി.പി.ഐയുടെ അഭിപ്രായം.

ആര്‍.എസ്.എസ് മുന്‍കൈ എടുത്ത് രൂപീകരിച്ച പാര്‍ട്ടി, സ്ഥാനമാനങ്ങള്‍ വീതം വയ്ക്കുന്നതിനെ ചൊല്ലിയാണ് എന്‍.ഡി.എ വിടാന്‍ ശ്രമിക്കുന്നതെന്നാണ് സി.പി.ഐ ചൂണ്ടിക്കാട്ടുന്നത്.ഇക്കാര്യത്തില്‍ സി.പി.ഐ ഇനിയും ഉറച്ച് നിന്നാല്‍ ബി.ഡി.ജെ.എസിന്റെ ഇടതു പ്രവേശനം പാളും.

സി.പി.ഐയെ മറികടന്ന് ബി.ഡി.ജെ.എസിനെ മുന്നണിയിലെടുക്കാന്‍ ഒരിക്കലും സി.പി.എമ്മിനും കഴിയുകയില്ല. ദേശീയ തലത്തില്‍ തന്നെ ഇടതുപക്ഷ ഐക്യത്തെ ബാധിക്കുന്ന കാര്യമാണിത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സി.പി.ഐ കൂടി മുന്നണി വിട്ടാല്‍ പിന്നെ ഇടതുപക്ഷം എന്ന് പറഞ്ഞാല്‍ സി.പി.എം മാത്രമായി ഒതുങ്ങും. ഇടതുമുന്നണിയിലെ മറ്റ് പാര്‍ട്ടികളെല്ലാംതന്നെ സി.പി.എമ്മിന്റെ കരുത്തിനാല്‍ മാത്രം നിലനില്‍ക്കുന്നവയാണ്.

ഇടതുപാര്‍ട്ടികളായ ആര്‍.എസ്.പിയും, ഫോര്‍വേഡ് ബ്ലോക്കും നിലവില്‍ യു.ഡി.എഫിന്റെ ഭാഗമാണ്. ദേശയതലത്തില്‍ ഇടതുപക്ഷ മുന്നണിയില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് കേരളത്തില്‍ ഈ വ്യത്യസ്ത സമീപനം ഇരു പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞ ആര്‍.എസ്.പിക്ക് കൊല്ലം സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു.

കേരളത്തില്‍ ഇതുവരെ സി.പി.എം മുന്നണിയില്‍ അടുപ്പിക്കാതിരുന്ന ഫോര്‍വേഡ് ബ്ലോക്കിന് 2021 ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് വിട്ടു നല്‍കാനാണ് യു.ഡി.എഫിപ്പോള്‍ ആലോചിക്കുന്നത്.

ഇടതുപാര്‍ട്ടികള്‍ക്ക് പോലും ഇടതുപക്ഷത്ത് പരിഗണന ലഭിക്കുന്നില്ലന്ന ആക്ഷേപത്തിനിടെ ബി.ഡി.ജെ.എസിനെ പരിഗണിക്കുന്നതിനോട് സി.പി.എം അണികളും കലിപ്പിലാണ്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കളിലും ശക്തമായിട്ടുണ്ട്.

ഒരു ജാതിപ്പാര്‍ട്ടിയെയും ഇടതുപക്ഷത്തേക്ക് ആവശ്യമില്ലന്നും ഈഴവരില്‍ ബഹുഭൂരിപക്ഷവും ഇപ്പാള്‍ തന്നെ സി.പി.എമ്മിനൊപ്പമാണെന്നുമാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വെള്ളാപ്പള്ളിമാരുടെ അവസരവാദ രാഷ്ട്രിയത്തിന് കുടപിടിക്കേണ്ട ഗതികേട് സി.പി.എമ്മിന് ഇല്ലന്നാണ് ഡിവൈ.എഫ്.ഐ നേതൃത്വവും തുറന്നടിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയോ മുന്നണിയോ ഒരു തീരുമാനവും സ്വീകരിക്കാത്ത സ്ഥിതിക്ക് ചര്‍ച്ചകള്‍ക്ക് തന്നെ പ്രസക്തിയില്ലന്നതാണ് യുവജന നേതാക്കളുടെ പ്രതികരണം.

2021ല്‍ പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്ക്, ഇപ്പോഴുള്ള കരുത്ത് തന്നെ ധാരാളമാണെന്ന നിലപാടിനാണ് സി.പി.എമ്മില്‍ മുന്‍ തൂക്കം. ഉപതിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയാല്‍ ചെമ്പടയെ സംബന്ധിച്ച് ഈ ആത്മവിശ്വാസം കൂടുതല്‍ വര്‍ദ്ധിക്കും.

അതേസമയം പാലായിലെ വോട്ട് ചോര്‍ച്ചയില്‍ വോട്ട് കച്ചവടം ആരോപിച്ച് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത് വന്നത് ബി.ജെ.പിക്ക് വലിയ പ്രഹരമായിട്ടുണ്ട്. കോന്നിയില്‍ കെ.സുരേന്ദ്രന് വേണ്ടി പ്രചരണത്തിനിറങ്ങിയ ശേഷമാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ നടത്തിയിരുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ബിജെപി, ബിഡിജെഎസിന്റെ തലയില്‍ ഉത്തരവാദിത്വം കെട്ടിവയ്ക്കുകയാണെന്നും തുഷാര്‍ തുറന്നടിച്ചിരുന്നു.

‘എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്നാണ് ചില ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. അത് ശരിയല്ല. എസ്എന്‍ഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല’ന്നും തുഷാര്‍ വ്യക്തമാക്കുകയുണ്ടായി.

ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെയാണ് വോട്ട് കച്ചവടം നടന്നതെന്ന് വിളിച്ചു പറഞ്ഞെതെന്നും തുഷാര്‍ ആക്ഷേപിച്ചിരുന്നു. പാലായിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തില്‍ പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണില്‍ പോലും വിളിച്ചില്ലെന്നും തുഷാര്‍ പറയുകയുണ്ടായി.

തുഷാറിന്റെ ഈ പരാമര്‍ശം വലിയ രോഷമാണ് ബി.ജെ.പി അണികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കിയില്ലങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് കാവി പടയിലെ പൊതുവികാരം.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇടതുപക്ഷത്തിരുന്ന് മകനെ മുന്‍ നിര്‍ത്തി ബി.ജെ.പിയെ താറടിച്ച് കാണിക്കുകയാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. തിരഞ്ഞെടുപ്പ് കഴിയും വരെ പ്രതികരിക്കില്ലങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.

ബി.ഡി.ജെ.എസിന്റെ ഒരു സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്നിലും പാര്‍ട്ടി കീഴടങ്ങുന്ന പ്രശ്‌നമില്ലന്ന് തന്നെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര – കേരള സര്‍ക്കാറുകളുടെ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ അച്ഛനും മകനും നടത്തുന്ന കളികള്‍ക്ക് കുട പിടിക്കേണ്ട ഗതികേട് ബി.ജെ.പിക്ക് ഇല്ലന്നതാണ് ആര്‍.എസ്.എസിന്റെയും നിലപാട്.തിരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കാനാണ് പരിവാര്‍ നേതൃത്വത്തിന്റെയും തീരുമാനം.

ഇതിനിടെ ഇടതുപക്ഷം കൂടി കൈവിട്ടാല്‍ യു.ഡി.എഫില്‍ ചേക്കേറാന്‍ ബി.ഡി.ജെ.എസ് ശ്രമിക്കുമെന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന് ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിപരമായ അടുപ്പം ഉപയോഗപ്പെടുത്തിയാണ് ഈ നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടതുപക്ഷത്തുള്ളതിനേക്കാള്‍ വെള്ളാപ്പള്ളി വിരുദ്ധരുള്ള മുന്നണിയാണ് യു.ഡി.എഫ് എന്നതിനാല്‍ ഈ നീക്കവും ഫലപ്രദമാവുക എളുപ്പമല്ല. മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ മുതല്‍ ആലപ്പുഴയിലെ എ.എ ഷുക്കൂര്‍ വരെ കടുത്ത വെള്ളാപ്പള്ളി വിരുദ്ധരാണ്.

വെള്ളാപ്പള്ളി നടേശന്‍ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിടത്ത് നിന്നും വിജയിച്ച ചരിത്രമാണ് സുധീരനും വി.ഡി സതീശനും, കെ.സി വേണുഗോപാലിനും, പി.സി വിഷ്ണുനാഥിനുമെല്ലാം ഉള്ളത്. ഒരു കാരണവശാലും യു.ഡി.എഫില്‍ ബി.ഡി.ജെ.എസിന് പ്രവേശനം നല്‍കിക്കില്ലന്ന കടുത്ത നിലപാടിലാണ് ഈ നേതാക്കള്‍.

ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത ബി.ഡി.ജെ.എസിനെ ബി.ജെ.പികൂടി കൈവിട്ടാല്‍ പെരുവഴിയിലാകുമെന്നതാണ് നിലവിലെ അവസ്ഥ.


Political Reporter

Top