ഇടുക്കിയിലെ കയ്യേറ്റ മാഫിയയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ നടത്തിയതെന്ന് സി.പി.ഐ

ഇടുക്കി ; പെരിഞ്ചാംകുട്ടിയിലെ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അട്ടിമറിച്ചുവെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ഉന്നതതല യോഗത്തില്‍നിന്ന് റവന്യൂ മന്ത്രിയെ ഒഴിവാക്കിയെന്നും ഇടുക്കിയിലെ കയ്യേറ്റ മാഫിയയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ നടത്തിയതെന്നും കെ.കെ ശിവരാമന്‍ അറിയിച്ചു.

പെരിഞ്ചാംകുട്ടിയിലെ റവന്യുഭൂമി വനഭൂമിയാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. കേന്ദ്രാനുമതി തേടാനുള്ള തീരുമാനം ഇതിനെ ബലപ്പെടുത്തുന്നുവെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.

ഇരുട്ടിന്റെ ശക്തികളാണ് ഇപ്പോഴത്തെ നടപടിക്കു പിന്നില്‍. ജില്ലയിലെ കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെ.കെ ശിവരാമന്‍ വ്യക്തമാക്കി.

1987 മുതല്‍ വനംവകുപ്പ് തേക്ക്, മുള പ്ലാന്റേഷന്‍ നടത്തിവരുന്ന പെരിഞ്ചാംകുട്ടിയിലെ 202 ഹെക്ടര്‍ റവന്യു ഭൂമിയില്‍ താമസിച്ചിരുന്ന ആദിവാസികളെ 2012ലാണ് വനംവകുപ്പ് ഒഴിപ്പിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്നീട് ചിന്നക്കനാലില്‍ ഇവര്‍ക്ക് ഭൂമിനല്‍കിയെങ്കിലും വാസയോഗ്യമല്ലെന്ന് കാട്ടി പെരിഞ്ചാംകുട്ടിയില്‍തന്നെ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇവര്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് 2018ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവരുടെ ആവശ്യം പരിഗണിച്ച് ഒരേക്കര്‍ ഭൂമി വീതം 158 ആദിവാസികുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കാന്‍ ഉത്തരവായി.

ഈ ഉത്തരവ് കഴിഞ്ഞ ജനുവരി 29ന് റവന്യൂമന്ത്രിയെ പങ്കെടുപ്പിക്കാതെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മരവിപ്പിച്ചുവെന്നാണ് സി.പി.ഐയുടെ പരാതി.

Top