CPM youth leaders breakthrough in their constituency

തൃശ്ശൂര്‍: മരമുഖങ്ങളിലെ പോരാട്ട വീര്യം മത്സരിക്കുന്ന മണ്ഡലങ്ങളിലും പടര്‍ത്തിയ ഇടത് യുവജന സംഘടനാ നേതാക്കളുടേത് അമ്പരപ്പിക്കുന്ന മുന്നേറ്റം.

ഒല്ലൂരില്‍ നിന്ന് മത്സരിക്കുന്ന എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ കെ രാജന്‍ മണ്ഡലം പിടിച്ചെടുക്കുമെന്ന പ്രതീതിയാണ് ഇതിനകം സൃഷ്ടിച്ചിട്ടുള്ളത്.

ഇടത് സംഘടനാ പ്രവര്‍ത്തകര്‍ മുഴുവന്‍ സംഘടനാ സംവിധാനവും ഉയര്‍ത്തി രാവും പകലും അതിശക്തമായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തി വരുന്നത്.

കോര്‍പ്പറേഷനിലെ 14 ഡിവിഷനുകളുള്ള മണ്ഡലത്തില്‍ 8 ലും നേടിയ വിജയമാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം പകരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6,247 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിലെ എം പി വിന്‍സന്റിനുണ്ടായിരുന്നത്. ഇത് നിഷ്പ്രയാസം അട്ടിമറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

പ്രചരണരംഗത്ത് കാടിളക്കിയുള്ള പ്രചരണമാണ് രാജന് വേണ്ടി മണ്ഡലത്തിലുടനീളം നടക്കുന്നത്. യുവജന-മഹിളാ-വിദ്യാര്‍ത്ഥി സ്‌ക്വാഡുകള്‍ വീടുകളില്‍ കയറി ഇറങ്ങി വോട്ട് ഉറപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്.

കേന്ദ്ര-സംസ്ഥാന- പ്രാദേശിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുതല്‍ ജിഷയുടെ കൊലപാതകം വരെ മണ്ഡലത്തില്‍ പ്രചരണ വിഷയമാണ്.

പൊതുസമൂഹത്തിനിടയില്‍ രാജനുള്ള സ്വീകാര്യത തന്നെയാണ് ഇവിടെ ഇടത് മുന്നണിയുടെ പ്രധാന തുറുപ്പുചീട്ട്.

‘ജാഡകളില്ലാത്ത യുവനേതൃത്വമാണ് നാടിനാവശ്യമെന്ന’ പ്രചരണത്തിന് ലഭിച്ച സ്വീകാര്യത ഒല്ലൂരില്‍ അട്ടിമറി സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.

ചെങ്കോട്ടയായ തലശ്ശേരിയില്‍ കഴിഞ്ഞ തവണ കോടിയേരി ബാലകൃഷ്ണന്‍ നേടിയ 26,509 വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീറിന്റെ കര്‍ത്തവ്യം.

വിജയകാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യം പോലുമില്ലെന്ന് പറയുന്ന സിപിഎം നേതൃത്വം എതിരാളികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് പ്രബുദ്ധരായ തലശ്ശേരി ജനത ബാലറ്റിലൂടെ മറുപടി നല്‍കുമെന്നാണ് വ്യക്തമാക്കുന്നത്.

എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ ഷംസീറിന്റെ സഹപ്രവര്‍ത്തകനായിരുന്ന അബ്ദുള്ളക്കുട്ടിയെ രംഗത്തിറക്കി മണ്ഡലത്തില്‍ അത്ഭുതം സൃഷ്ടിക്കാനുള്ള യുഡിഎഫ് നീക്കം ദയനീയമായി തകര്‍ന്നടിയുമെന്ന കാര്യത്തില്‍ ഇടത്‌കേന്ദ്രങ്ങള്‍ ആത്മവിശ്വാസത്തിലാണ്.

തലശ്ശേരിയുടെ പൊതുരംഗത്ത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിറഞ്ഞ് നില്‍ക്കുന്നതും എതിരാളികളോട് പോലും സൗമ്യമായി ഇടപെടുന്നതും ഷംസീറിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ചുവപ്പ്‌കോട്ട അതിന്റെ പാരമ്പര്യം കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുമെന്നു തന്നെയാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.

സര്‍വ്വശക്തിയുമെടുത്ത് അബ്ദുള്ളക്കുട്ടിക്കായി യുഡിഎഫ് രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും പ്രചരണ രംഗത്തും സംഘടനാ ക്യാംപയ്‌നിലും ഇടതുപക്ഷം തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ചിട്ടയായ പ്രവര്‍ത്തനങ്ങളോടൊപ്പം രാഷ്ട്രീയ എതിരാളികള്‍ ‘പൊതു ശത്രുവിനെതിരെ’ ഒന്നിക്കാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് നീക്കം.

ഡിവൈഎഫ്‌ഐ -എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രത്യേക സ്‌ക്വാഡുകളും, സൈബര്‍-ഹൈടെക് ടീമുകളും ഷംസീറിനായി സജീവമായി രംഗത്തുണ്ട്.

തൃപ്പൂണിത്തുറയില്‍ മന്ത്രി ബാബുവിന്റെ കുത്തക അവസാനിപ്പിക്കാന്‍ സിപിഎം നിയോഗിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് പ്രചരണരംഗത്ത് നിറഞ്ഞാടുകയാണ്.

ആധുനിക പ്രചരണ രീതി സംസ്ഥാനത്ത് ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് സ്വരാജ്.

ഏറ്റവും ഒടുവിലായി 13 ന് ‘അഴിമതിക്കെതിരെ സ്വരാജിനൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തി തൃപ്പൂണിത്തുറയില്‍ ജനങ്ങളുടെ നടത്തം പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വരാജിന് വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സെല്‍ഫി വീഡിയോകള്‍ നേരത്തെ തന്നെ വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

അഴിമതി തന്നെയാണ് മണ്ഡലത്തിലെ പ്രധാന പ്രചരണ വിഷയം. ബാര്‍ കോഴ ആരോപണമാണ് ബാബുവിനെതിരായ ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം.

കാല്‍ നൂറ്റാണ്ടോളം മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ കൈവശം വച്ച മണ്ഡലത്തില്‍ അട്ടിമറി നേടാന്‍ സ്വരാജിന് കഴിഞ്ഞാല്‍ അത് കേരളരാഷ്ട്രീയത്തെ സംബന്ധിച്ച് പുതിയ ചരിത്രമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തൃപ്പൂണിത്തുറയിലെത്തിയതോടെ ബിജെപി ക്യാംപും ഉഷാറായിട്ടുണ്ട്.

ശക്തമായ ത്രികോണ മത്സരം ഇടത് സ്ഥാനാര്‍ത്ഥിക്കാണ് ഇവിടെ ഗുണം ചെയ്യുകയെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ.

ഇടത് യുവജന സംഘടനകളെ സംബന്ധിച്ചും ഒല്ലൂര്‍,തലശ്ശേരി,തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വിജയം വളരെ പ്രധാനപ്പെട്ടതാണ്. എഐവൈഎഫ്-ഡിവൈഎഫ്‌ഐ സംഘടകളുടെ സംസ്ഥാന നേതാക്കളാണ് മത്സരിക്കുന്നത് എന്നതാണ് അവരുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി തെരുവില്‍ ചോര ചിതറിയ നേതാക്കളാണ് രാജനും ഷംസീറും സ്വരാജും.

ഇവരുടെ ത്രസിപ്പിക്കുന്ന ഈ പോരാട്ടവീര്യം തന്നെയാണ് അരയും തലയും മുറുക്കി പ്രചരണ രംഗത്തിറങ്ങാന്‍ വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചിരിക്കുന്നത്.

Top