സി.പി.എം വനിതാ സംഘടനക്ക് സംഘടനാ രീതികള്‍ അറിയില്ലേ ? കണ്ണടച്ച് ഇരുട്ടാക്കാതെ

Actor Dileep

നിതകളുടെ സംഘടനയാണ് എന്ന് കരുതി എല്ലാവിധ സംഘടനാ വിരുദ്ധ നിലപാടുകളെയും പിന്തുണക്കുന്ന നിലപാട് സി.പി.എം വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന് ഭൂഷണമല്ല.

ദിലീപ് വിഷയത്തില്‍ താര സംഘടന അമ്മയുടേത് കുറ്റാരോപിതനെ വെള്ള പൂശാനുള്ള ശ്രമമാണെന്ന മഹിളാ അസോസിയേഷന്റെ കണ്ടുപിടിത്തം എന്തടിസ്ഥാനത്തിലാണ് ?

ഒരു സംഘടനയാകുമ്പോള്‍ ആ സംഘടനയിലെ ഭൂരിപക്ഷ തീരുമാനമാണ് നടപ്പാക്കുകയെന്ന് കമ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന മഹിളാ നേതാക്കള്‍ മറന്നു പോയോ ?

സംഘടനയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് അപമാനിച്ചാല്‍ അവരോട് വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കുന്ന ചെങ്കൊടിയുടെ സംഘടനാ രീതി പിന്തുടരുന്നവര്‍ പ്രസ്താവന ഇറക്കുമ്പോള്‍ എല്ലാ വശവും പരിശോധിക്കേണ്ടതുണ്ട്.

സിനിമാ മേഖലയിലെ നൂറ് കണക്കിന് നടിമാര്‍ അംഗങ്ങളായ ‘അമ്മ’യില്‍ നിന്നും ഇപ്പോള്‍ രാജിവച്ചത് വെറും 4 പേര്‍ മാത്രമാണ്.

Mahila Association,Dileep,amma

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പാപിയാണെന്ന് എന്തുകൊണ്ടാണ് സ്ത്രീ ഭൂരിപക്ഷ സംഘടനയായ ‘അമ്മയിലെ’ മറ്റൊരു സ്ത്രീക്ക് പോലും തോന്നാതിരുന്നത് ?

ദിലീപിന്റെ കാര്യം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ എതിര്‍ത്ത് ഒരാള്‍ പോലും രംഗത്ത് വരാതിരുന്നത് എന്ത് കൊണ്ടാണ് ? അവരുടെയെല്ലാം വായ മൂടിക്കെട്ടിയിരുന്നില്ലല്ലോ ?

ഇപ്പോള്‍ രാജിവച്ചവര്‍ക്കും അവരെ പിന്തുണക്കുന്ന ജൂനിയര്‍ നടിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു പോലും ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ പറയാമായിരുന്നില്ലേ ?

ഇപ്പോള്‍ ഫെയ്‌സ് ബുക്കിലൂടെ കാണിക്കുന്ന ആവേശം യോഗത്തില്‍ കാണിച്ച് പിന്നീടാണ് രാജി വയ്ക്കുന്നതെങ്കില്‍ അതിന് ഒരു അന്തസ്സുണ്ടാവുമായിരുന്നു.

ദിലീപ് കാര്യം ചര്‍ച്ച ചെയ്യുമെന്ന് അറിയാത്തത് കൊണ്ടാണ് ജനറല്‍ ബോഡിക്ക് വരാതിരുന്നത് എന്ന വുമണ്‍ ഇന്‍ കളക്ടീവ് സംഘടനാ നേതൃത്വത്തിന്റെ നിലപാടും വസ്തുതക്ക് നിരക്കാത്തതാണ്.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൂടുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യും എന്ന കാര്യം സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയൊള്ളു.

അജണ്ടക്ക് പുറത്ത് ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തതെന്ന് ആരോപിക്കുന്നതിലും കഴമ്പില്ല. കാരണം ഏത് അംഗം എന്ത് കാര്യം ഉന്നയിച്ചാലും ഏത് സംഘടനകളുടെ യോഗത്തിലും ചര്‍ച്ച നടക്കുക സ്വാഭാവികമാണ്. അതിന് പ്രസീഡിയം അനുമതി നല്‍കിയത് അവരുടെ സംഘടനാ രീതി അനുസരിച്ചായിരിക്കുമല്ലോ.

മഹിളാ അസോസിയേഷന്റെ മറ്റൊരു കണ്ടുപിടുത്തം ദിലീപ് യോഗത്തിന് എത്തി എന്നതാണ്. ദിലീപ് വിരുദ്ധ വാര്‍ത്തകള്‍ നിരന്തരം കൊടുക്കുന്ന മാധ്യമങ്ങള്‍ക്ക് പോലും ലഭിക്കാത്ത ഈ വിവരം മഹിളാ അസോസിയേഷന്‍ നേതാക്കള്‍ക്ക് കിട്ടിയത് അത്ഭുതം തന്നെ.

പിന്നെ മറ്റൊരു ആരോപണം ‘അമ്മ’ സംഘടനയുടെ കമ്മറ്റികളില്‍ ഒന്നും തന്നെ സ്ത്രീ സാന്നിധ്യം ഇല്ലന്നാണ്. രാജിവച്ചവര്‍ മാത്രമാണോ നിങ്ങളുടെ കണ്ണില്‍ സ്ത്രീകള്‍ ? അമ്മ എക്‌സിക്യുട്ടീവില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 4 നടിമാര്‍ സ്ത്രീകള്‍ അല്ലന്നാണോ ?

പുരുഷാധിപത്യപരമായ സമീപനമാണ് ‘അമ്മ’ സ്വീകരിക്കുന്നതെന്ന് പറയുന്ന മഹിളാ അസോസിയേഷന്‍, മാതൃ പ്രസ്ഥാനമായ സി.പി.എമ്മിന്റെ ഘടകങ്ങളില്‍ സ്ത്രീ ഭൂരിപക്ഷം നോക്കിയാണോ നേതാക്കളെ തെരെഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കണം. ഓരോ സംഘടനക്കും അതിന്റേതായ ഭരണഘടനയും രീതികളും ഉണ്ട്. അത് അവര്‍ പിന്തുടരട്ടെ.

Mahila Association,Dileep,amma

ദിലീപ് ഇപ്പോഴും ആരോപണ വിധേയന്‍ തന്നെയാണ് കോടതി കുറ്റക്കാരന്‍ ആണെന്ന് വിധിക്കും വരെ അങ്ങനെ കാണാന്‍ അയാളുടെ സഹപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്.

സ്ത്രീകളോട് മോശമായി പെരുമാറിയതിന് മുന്‍പ് പ്രതിയായിരുന്ന ഇടതു ഘടകകക്ഷിയായ ജനതാദള്‍ നേതാവ് ജോസ് തെറ്റയിലിനെയും കേരള കോണ്‍ഗ്രസ്സ് ( ജോസഫ്) വിഭാഗം നേതാവും മുന്‍ മന്ത്രിയുമായ പി.ജെ.ജോസഫിനെയും ആ പാര്‍ട്ടികള്‍ പുറത്താക്കിയിരുന്നില്ലല്ലോ ?

ഇവരെ പുറത്താക്കാതെ ആ പാര്‍ട്ടികളെ ഇടതുമുന്നണിയില്‍ നില നിര്‍ത്തരുതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്തുകൊണ്ട് അന്ന് നിലപാട് സ്വീകരിച്ചിരുന്നില്ല ?

പാര്‍ട്ടി പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് സി.പി.എം തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയെ ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തപ്പോള്‍ എന്തേ പ്രതികരിച്ചില്ല ?

സംഘടനാപരമായ തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും സി.പി.എമ്മിനും മഹിളാ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും ഉള്ള അധികാരം ‘അമ്മ’ ഉള്‍പ്പെടെ എല്ലാ സംഘടനകള്‍ക്കും ഉണ്ടെന്ന് വുമണ്‍ ഇന്‍ കളക്ടീവ് സംഘടനക്ക് വേണ്ടി രംഗത്തിറങ്ങിയ വനിതാ സഖാക്കള്‍ മറക്കരുത്.

പാര്‍ട്ടി പരിപാടികളിലെ ചുവപ്പ് സാനിധ്യമായ ‘ചിലരുടെ’ സമ്മര്‍ദ്ദ ഫലമായാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ ഈ നിലപാട് സ്വീകരിച്ചതെങ്കില്‍ നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം കമ്യൂണിസ്റ്റ് സഹയാത്രികനായ മമ്മുട്ടി അടക്കം നിരവധി പേര്‍ പങ്കെടുത്ത യോഗമാണ് ഈ തീരുമാനമെടുത്തത് എന്നതാണ്.

ഇടതു ടിക്കറ്റില്‍ ജയിച്ച് എം.എല്‍.എമാരായ മുകേഷ്, കെ.ബി.ഗണേഷ് കുമാര്‍, എം.പിയായ ഇന്നസെന്റ് എന്നിവര്‍ നിയന്ത്രിച്ച പ്രസീഡിയം തന്നെയാണ് ദിലീപിന്റെ പുന:പ്രവേശനത്തിന് അനുമതി നല്‍കിയത്.

‘കുലം കുത്തികള്‍’ സി.പി.എമ്മിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലും മാത്രമല്ല താര സംഘടനകളിലും ഉണ്ടാകുമെന്ന് ഓര്‍ത്തിട്ടു വേണം ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായാലും സി.പി.എം നേതാക്കൾ ആയാലും പ്രതികരണം നടത്താന്‍.

Team express kerala

Top