മലപ്പുറത്തെ ചുവപ്പിക്കൽ അജണ്ട, പുതിയ കരുനീക്കവുമായി സി.പി.എം !

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിടിച്ചു നിന്നത് രണ്ടു ജില്ലകളിലാണ്. മലപ്പുറവും വയനാടുമാണ് ആ ജില്ലകള്‍. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ മൂന്നു മണ്ഡലങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന വയനാട്ടില്‍ കല്‍പ്പറ്റയിലും ബത്തേരിയിലുമാണ് യു.ഡി.എഫ് വിജയിച്ചിരിക്കുന്നത്. കല്‍പ്പറ്റയില്‍ സി.പി.എം നേതാവ് സി.കെ ശശീന്ദ്രന്‍ തന്നെയായിരുന്നു വീണ്ടും മത്സരിച്ചിരുന്നതെങ്കില്‍ അവസ്ഥ മറ്റൊന്നാകുമായിരുന്നു. എല്‍.ജെ.ഡിക്കാണ് ഇത്തവണ കല്‍പ്പറ്റ സീറ്റ് സി.പി.എം വിട്ടു കൊടുത്തിരുന്നത്. ഈ പരിഗണനയിലാണ് പിഴവ് പറ്റിയതെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ശക്തി എന്നതിനപ്പുറം മുന്നണി മര്യാദക്കാണ് സി.പി.എം ഇവിടെയും പരിഗണന കൊടുത്തിരിക്കുന്നത്.

ശക്തി നോക്കിയാണ് സീറ്റുകള്‍ വീതം വയ്ക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഒരു മണ്ഡലവും സി.പി.എമ്മിന് ഘടക കക്ഷികള്‍ക്ക് നല്‍കാനും കഴിയുകയില്ല. സി.പി.എമ്മിനു മീതെ ഒരു സ്വാധീനം ഒരു മണ്ഡലത്തിലും ഘടക കക്ഷികള്‍ക്ക് അവകാശപ്പെടാന്‍ കഴിയുകയുമില്ല. അതാണ് ആ പാര്‍ട്ടിയുടെ കരുത്ത്. ഒറ്റ എം.എല്‍.എ രാത്രമുള്ള പാര്‍ട്ടികള്‍ക്ക് പോലും മന്ത്രിപദവി നല്‍കിയ പാര്‍ട്ടിയാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കാര്യമായ നേട്ടമുണ്ടാക്കിയ ജില്ല മലപ്പുറമാണ്. ഇവിടെ ആകെയുള്ള 16 സീറ്റുകളില്‍ 12 ലും വിജയിച്ചത് യു.ഡി.എഫാണ്. ഇതില്‍ തന്നെ 11ഉം മുസ്ലീം ലീഗിന്റെയാണ്. വണ്ടൂര്‍ മാത്രമാണ് കോണ്‍ഗ്രസ്സിനെ തുണച്ചിരിക്കുന്നത്. 2016ല്‍ വിജയിച്ച നാല് മണ്ഡലങ്ങളും നില നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഇടതുപക്ഷത്തിനും ആശ്വാസമായിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലും പൊന്നാനിയിലും സി.പി.എമ്മിന്റെ കരുത്ത് വര്‍ദ്ധിക്കുകയാണുണ്ടായത്. നന്‍മമരത്തെ കടപുഴക്കിയാണ് തവനൂരിലും ചെങ്കൊടി പാറിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഏറെ മുന്നിലായിരുന്ന താനൂരില്‍ വി അബ്ദുറഹ്മാന്റെ രണ്ടാം ജയം ലീഗ് നേതൃത്വത്തിനുള്ള അപ്രതീക്ഷിത പ്രഹരം കൂടിയാണ്. ചെങ്കൊടിയുടെ കരുത്തില്‍ പി.വി അന്‍വറിന് നിലമ്പൂരും നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വിജയം കൊണ്ട് മാത്രം സി.പി.എം തൃപ്തരല്ല മുസ്ലീം ലീഗ് കോട്ടകള്‍ തകര്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതിനു വേണ്ടിയുള്ള കര്‍മ്മപദ്ധതിയാണിപ്പോള്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറാക്കുന്നത്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഇതിനായി പ്രത്യേക ചുമതല നല്‍കാനും നീക്കമുണ്ട്. മുസ്ലീം സമുദായത്തില്‍ വലിയ പിന്തുണയുള്ള സി.പി.എം നേതാവ് കൂടിയാണ് ശ്രീരാമകൃഷ്ണന്‍. പൊന്നാനിയില്‍ ഓരോ തവണ മത്സരിച്ചപ്പോഴും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച നേതാവ് കൂടിയാണദ്ദേഹം. ഇത്തവണ കളത്തില്‍ ഇല്ലായിരുന്നെങ്കിലും പൊന്നാനിയില്‍ കളം നിറഞ്ഞ് കളിച്ചത് ശ്രീരാമകൃഷ്ണന്‍ തന്നെ ആയിരുന്നു. എം.സ്വരാജ് എറണാകുളത്തെ പ്രവര്‍ത്തന മേഖലയോട് വിട പറയുമ്പോള്‍ അദ്ദേഹത്തെ മലപ്പുറം ജില്ലയില്‍ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ ശക്തമാണ്. അങ്ങനെ വന്നാല്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വരാജ് ടീമായിരിക്കും മലപ്പുറത്ത് ലീഗിന് വെല്ലുവിളിയാകുക. വരുന്ന ലോകസഭ തിരഞ്ഞെടുപ്പോടെ ലീഗിന് ഷോക്ക് ട്രീറ്റ്‌മെന്റെ് നല്‍കാനാണ് സി.പി.എം ശ്രമിക്കുന്നത്.

മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ലക്ഷത്തിലേറെ വോട്ടുകളാണ് കൂടുതലായി സി.പി.എം സ്ഥാനാര്‍ത്ഥി വി.പി സാനു ഇത്തവണ നേടിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ കൂടിയായ സാനുവിനെ തുടര്‍ന്നും സി.പി.എം പരിഗണിക്കാനാണ് സാധ്യത. പൊന്നാനി ലോകസഭ മണ്ഡലത്തിലും വരുന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ മുന്‍പേ തുടങ്ങാനാണ് പദ്ധതി. ചെറുപ്പം നേതൃത്വത്തിലേക്ക് വരുന്നത് സംഘടനാപരമായി പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് ചെമ്പടയുടെ കണക്കു കൂട്ടല്‍. 2026 കല നിയമസഭാ തിരഞ്ഞെടുപ്പോടെ മലപ്പുറത്തെ ലീഗ് മേധാവിത്വം അവസാനിപ്പിക്കുമെന്ന വാശിയും സി.പി.എമ്മിനുണ്ട്. ഇടത് സിറ്റിംഗ് സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് സമ്പൂര്‍ണ്ണ അധിപത്യമെന്ന ലീഗ് അവകാശവാദമാണ് പ്രതിക്കൂല സാഹചര്യത്തിലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തകര്‍ത്തിരിക്കുന്നത്.

പെരിന്തല്‍മണ്ണയിലാകട്ടെ അവസാന നിമിഷം വരെ പൊരിതിയാണ് ഇടതുപക്ഷം പരാജയം സമ്മതിച്ചിരിക്കുന്നത്. ഒന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ പെരിന്തല്‍മണ്ണയും ഇടത്തോട്ട് തന്നെ പോരുമായിരുന്നു. ഈ സാഹചര്യത്തില്‍ 2026ല്‍ പെരിന്തല്‍മണ്ണയില്‍ നിന്നും പി ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കെ.ടി ജലീല്‍ മറ്റൊരു മണ്ഡലത്തിലേക്ക് മാറിയാല്‍ സ്വരാജിന് തവനൂരിലും സാധ്യത ഏറെയാണ്. ഏത് പ്രതികൂല സാഹചര്യത്തിലും വിജയിക്കാവുന്ന അടിത്തറ തവനൂരില്‍ ഇടതുപക്ഷത്തിനുണ്ട്. വണ്ടൂരും അടുത്ത ഊഴത്തില്‍ സി.പി.എം ലക്ഷ്യമിടുന്ന മണ്ഡലമാണ്. ഇവിടെ ഇത്തവണ കോണ്‍ഗ്രസ്സ് നേതാവ് എ.പി അനില്‍കുമാറിന്റെ ഭൂരിപക്ഷം കുത്തനെ കുറക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. മലപ്പുറത്തിനു പുറത്താണ് ഈ തിരഞ്ഞെടുപ്പില്‍ ലീഗിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഒന്നരപതിറ്റാണ്ടിനു ശേഷം മുസ്ലിം ലീഗ് നേരിട്ട കനത്ത തിരിച്ചടി കൂടിയാണിത്. സംസ്ഥാനത്താകെ മത്സരിച്ച 27 സീറ്റുകളില്‍ കേവലം 15 സീറ്റില്‍ മാത്രമാണ് ലീഗിന് വിജയിക്കാനായിരിക്കുന്നത്. കഴിഞ്ഞ തവണ 18 സീറ്റില്‍ വിജയിച്ച മുസ്ലീം ലീഗിന് ഇത് അപ്രതീക്ഷിതമാണ്. ഇതോടെ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നേതാക്കളുടെ അധികാര മോഹമാണ് പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചതെന്നതാണ് പ്രധാന ആരോപണം. കാല്‍നൂറ്റാണ്ടിനു ശേഷം ഒരു വനിതാ സ്ഥാനാര്‍ത്ഥിയായി അഡ്വ. നൂര്‍ബിന റഷീദിനെ ലീഗ് മത്സരിപ്പിച്ചെങ്കിലും അവരും ദയനീയമായാണ് പരാജയപ്പെട്ടിരിക്കുന്നത്. കോഴിക്കോട് സൗത്തിന് പുറമെ കെ.എം ഷാജിയുടെ അഴീക്കോട് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.കെ അബ്ദുല്‍ഗഫൂര്‍ മത്സരിച്ച കളമശേരി, പാറക്കല്‍ അബ്ദുള്ളയുടെ സിറ്റിങ് സീറ്റ് കുറ്റിയാടി എന്നിവയും ഇത്തവണ ലീഗിനെ കൈവിട്ട മണ്ഡലങ്ങളാണ്.

കഴിഞ്ഞ തവണ കൈവിട്ട കൊടുവള്ളി എം.കെ മുനീറിലൂടെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെങ്കിലും ഇത്തവണ മുസ്ലീം ലീഗ് വിജയം ഉറപ്പിച്ച കുന്ദമംഗലവും, തിരുവമ്പാടിയും, താനൂരും, ഗുരുവായൂരും ഇടതുപക്ഷമാണ് വിജയിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ കേവലം 38 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. ഏതുവിധേനയും തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് താനൂരില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ഇറക്കിയിട്ടും 985 വോട്ടിനാണ് ലീഗ് പരാജയപ്പെട്ടത്. മുസ്ലിം ലീഗിന്റെ കോട്ടയായ തിരൂരങ്ങാടിയില്‍ 9,578 വോട്ടുകള്‍ക്ക് മാത്രമാണ് കെ.പി.എ മജീദ് വിജയിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ നേരിയ വിജയവും താനൂരിലെ പരാജയവും മുസ്ലിം ലീഗിന്റെ സംഘടനാസംവിധാനത്തിന്റെ തകര്‍ച്ച കൂടിയാണ് തുറന്നു കാട്ടുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താനൂരില്‍ ഇ.ടി മുഹമ്മദ് ബഷീറിന് 32,166 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലാകട്ടെ 19,510 വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ 985 വോട്ടിന്റെ പരാജയം ലീഗ് നേതൃത്വത്തിന് ആകെ അപമാനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലഭിച്ച മൃഗീയ ഭൂരിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നത് ലീഗ് അണികളെയും അമ്പരപ്പിച്ചിട്ടുണ്ട്. താനൂര്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്തതും പെരിന്തല്‍മണ്ണയിലെ നേരിയ വിജയവും ലീഗ് കോട്ടകള്‍ പോലും സുരക്ഷിതമല്ലന്ന അപകടകരമായ സൂചനയാണ് നിലവില്‍ നല്‍കുന്നത്. പരമ്പരാഗതമായി മുസ്ലീം ലീഗിനു മാത്രം വോട്ടുകുത്തിയിരുന്നു സമുദായത്തിലെ ഒരു വിഭാഗം ഇപ്പോള്‍ മാറി ചിന്തിക്കുന്നത് ലീഗ് നേതൃത്വത്തിന്റെ ഉറക്കമാണ് കെടുത്തിയിരിക്കുന്നത്.

ലീഗിന്റെ വോട്ട്ബാങ്കായ സമസ്ത മുഖ്യമന്ത്രി പിണറായി വിജയനോട് കാണിക്കുന്ന മൃദുസമീപനവും ലീഗിനെ ശരിക്കും പ്രതിസന്ധിയിലാക്കുന്നുണ്ട്. പൗരത്വ സമരത്തിലും ബി.ജെ.പിക്കെതിരായ പോരാട്ടത്തിലും പിണറായിയെ മുസ്ലിം സമുദായം നായകനായി കാണുന്നുണ്ടെന്നതാണ് ലീഗിന്റെ രാഷ്ട്രീയ അസ്ഥിത്വത്തിന് തന്നെ ഭീഷണിയായിരിക്കുന്നത്. 2006 ലെ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കെ.ടി ജലീലിനോട് പി.കെ കുഞ്ഞാലിക്കുട്ടിയും തിരൂരില്‍ ഇ.ടി മുഹമ്മദ്ബഷീറും മങ്കടയില്‍ എം.കെ മുനീറും പരാജയപ്പെട്ട ചരിത്രമാണ് ഈ സാഹചര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്. 2006 ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് മുസ്ലിം ലീഗ് ഏറ്റുവാങ്ങിയിരുന്നത്. അന്ന് കേവലം 7 എം.എല്‍.എമാര്‍ മാത്രമാണ് നിയമസഭയില്‍ ലീഗിനുണ്ടായിരുന്നത്. അതിനു ശേഷം ഒന്നരപതിറ്റാണ്ടിനു ശേഷം നേരിട്ട കനത്ത തിരിച്ചടിയാണ് മുസ്ലിം ലീഗ് 2021ല്‍ ഇപ്പോള്‍ ഏറ്റുവാങ്ങിയിരിക്കുന്നത്.

2006നു ശേഷം പാളിച്ചകള്‍ തിരുത്തി ലീഗ് ശക്തമായി തിരിച്ചെത്തിയെങ്കിലും ഇത്തവണ ഭരണം നഷ്ടമായതോടെ അണികളെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലീഗിനെ 2006 ലെ അവസ്ഥയില്‍ എത്തിക്കുക എന്നതു തന്നെയാണ് 2026ലെ ഇടതുപക്ഷത്തിന്റെ ടാര്‍ഗറ്റ്. അതിന് നേതൃത്വം നല്‍കാന്‍ ശ്രീരാമകൃഷ്ണനും സ്വരാജും ജലീലും ഉള്‍പ്പെടെ വിപുലമായ ടീമാണ് ഇറങ്ങാന്‍ പോകുന്നത്. മന്ത്രി എന്ന നിലയിലെ വി.അബ്ദുറഹ്മാന്റെ സാന്നിധ്യവും മലപ്പുറത്തെ ലീഗ് കോട്ടകളെ ഉലക്കുന്നതാണ്. സൂപ്പര്‍ പോരാട്ടം ഇനി നടക്കാന്‍ പോകുന്നത് മലപ്പുറത്താണ്. അവിടെ കൂടി ഇടതുപക്ഷം ആധിപത്യം പുലര്‍ത്തിയാല്‍ കേരളത്തിലെ ചുവപ്പിന്റെ തേരോട്ടമാണ് പൂര്‍ണ്ണമാകുക.

Top