മഗ്സസെ പുരസ്കാരം നിരസിച്ചതിൽ വിശദീകരണവുമായി സിപിഎം 

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മാഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം. കെ കെ ശൈലജയുടെ നിലപാട് അംഗീകരിച്ചു എന്ന് വിശദീകരിക്കുമ്പോഴും, കേരളത്തിലെ പാർട്ടിക്കുള്ളിൽ രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷമുളള ഭിന്നതയുടെ സൂചനകൾ കൂടിയാണ് ഇപ്പോഴത്തെ വിവാദം.

കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. എന്നാൽ സർക്കാരിൻറെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാർഡ് സ്വീകരിക്കേണ്ടതില്ല എന്ന വിലയിരുത്തൽ യെച്ചൂരി മറച്ചു വയ്ക്കുന്നില്ല. രാഷ്ട്രീയ നേതാക്കൾ ഇത് വാങ്ങുന്നത് ഉചിതമല്ല എന്നതാണ് പാർട്ടിയുടെ ആദ്യ വിലയിരുത്തൽ.

റമോൺ മഗ്സസെ സിഐഎയുമായി ചേർന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് പുരസ്കാരം നിരസിക്കാനുള്ള മൂന്നാമത്തെ കാരണം മാത്രമെന്നും നേതാക്കൾ പറയുന്നു. അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്ക്കാരം വേണ്ടെന്നു വച്ചിരുന്നു. എന്നാൽ കേരളത്തിലെ മന്ത്രിസഭ മാറ്റങ്ങളിൽ ധാരണ ആയ ശേഷമാണ് ഇക്കാര്യം ചർച്ചയായവുന്നത് എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Top