രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഎം മറ്റന്നാള്‍ തീരുമാനിക്കും

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഎം മറ്റന്നാള്‍ തീരുമാനിക്കും. രണ്ട് സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തി വോട്ടെടുപ്പ് ഒഴിവാക്കാനും സിപിഎം ആലോചിക്കുന്നുണ്ട്. യുഡിഎഫില്‍ പി വി അബ്ദുള്‍ വഹാബ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി.

രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഇത്തവണ ഒഴിവുള്ളത്. നിലവിലെ നിയമസഭാ അംഗബലത്തില്‍ രണ്ട് പേരെ എല്‍ഡിഎഫിനും ഒരു സ്ഥാനാര്‍ത്ഥിയെ യുഡിഎഫിനും വിജയിപ്പിക്കാം. കൊവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സീറ്റുകളില്‍ സിപിഎം തന്നെ മത്സരിക്കും.സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും.

പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെയുള്ള പേരുകളും സിപിഎം സജീവമായി ആലോചിക്കുന്നു. കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസിനാണ് പ്രധാന പരിഗണന. പല തവണ ബ്രിട്ടാസിനെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളാണ് തടസമായത്. ഇത്തവണയും അന്തിമ തീരുമാനമായിട്ടില്ല.

കെ കെ രാഗേഷിന്റെ രാജ്യസഭാ കാലാവധി തീരുന്ന സാഹചര്യത്തില്‍ കിസാന്‍ സഭ നേതാവായ രാഗേഷിന് വീണ്ടും അവസരം നല്‍കണമെന്ന അഭിപ്രായങ്ങളും പാര്‍ട്ടിയിലുണ്ട്. കര്‍ഷക സമരത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചതാണ് രാഗേഷിന് അനുകൂലമാകുന്നത്. അങ്ങനെയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രം അപൂര്‍വമായി കിട്ടുന്ന പരിഗണന രാഗേഷിനും ലഭിക്കും.

സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്, എസ്എഫ്‌ഐ മുന്‍ ദേശീയ ഭാരവാഹിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഡോ. വി ശിവദാസന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. യുഡിഎഫില്‍ തര്‍ക്കങ്ങളില്ലാതെയാണ് പി വി അബ്ദുള്‍ വഹാബിലേക്ക് തന്നെ വീണ്ടും അവസരമെത്തുന്നത്. അടുത്ത ചൊവ്വാഴ്ച വരെയാണ് പത്രിക നല്‍കാനുള്ള സമയം. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്.

 

Top