പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനങ്ങൾ പരിശോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനങ്ങൾ പരിശോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനവിരുദ്ധമായ ഒന്നിനേയും പാർട്ടി സ്വീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

‘പാർട്ടിജീവിതത്തിൽ ഉടനീളം തെറ്റുതിരുത്തൽ പ്രക്രിയ തുടരണം. ജനവിരുദ്ധവും തെറ്റായതുമായ പ്രവണതകൾ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. പാർട്ടിയെ സംബന്ധിച്ചിടത്തോളം വെള്ളം കടക്കാത്ത കംപാർട്ട്മെന്റ് ആയിട്ടുള്ള സിസ്റ്റം അല്ല’, എം.വി. ഗോവിന്ദൻ പറഞ്ഞു.

‘കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ പ്രയാസപ്പെടുത്തുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സർക്കാരിനേയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും സംഘടിപ്പിക്കുകയുണ്ടായി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തുക തുടർച്ചയായി അഞ്ച് വർഷമെങ്കിലും നൽകണമെന്ന കേരളത്തിന്റേയും നിരവധി ബി.ജെ.പിയിതര സംസ്ഥാനങ്ങളുടേയും ആവശ്യം കേന്ദ്രം ചെവികൊള്ളുന്നില്ല.

കിഫ്ബി ഉൾപ്പെടെ പ്രധാനപ്പെട്ട പദ്ധതികൾക്കുവേണ്ടി ഉപയോഗിച്ച പണം കടംവാങ്ങാനുള്ള പരിധിക്കകത്ത് ചേർത്തിരിക്കുകയാണ്. കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച, നൽകും എന്ന് പറഞ്ഞ ഒരു പദ്ധതിയും ഇപ്പോൾ നൽകില്ല എന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഇവിടെ ബി.ജെ.പിയും കോൺഗ്രസും എല്ലാ രീതിയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്തുന്നതിനുള്ള പ്രചരണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്’, ഗോവിന്ദന്‍ ആരോപിച്ചു.സംഘപരിവാർ ഹിന്ദുരാഷ്ട്ര നിലപാട് ഉയർത്തിപ്പിടിച്ച് വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും ശേഷമുള്ള ആർ.എസ്.എസിന്റെ നൂറാം വാർഷികവും ചേർത്തുവെച്ച് ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള കാര്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടാനുള്ള പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ തുടക്കമെന്ന രീതിയിൽ ജനുവരി 20 മുതൽ 31വരെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ മുഴുവൻ വീടുകളിലും സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടി ക്യാംപയിൻ നടത്തും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കും. ബഫർസോൺ വിഷയത്തിൽ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ബഫർസോൺ വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Top