ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് സിപിഎം

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് സിപിഎം. തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാക്കളും സിപിഎം നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 15 മിനുട്ട് മാത്രമാണ് ചര്‍ച്ച നീണ്ടുനിന്നത്. കഴിഞ്ഞ തവണ രണ്ടു സീറ്റുകളിലാണ് സിപിഎം മത്സരിച്ചിരുന്നത്. ഇത്തവണ രണ്ട് സീറ്റ് പോരെന്നും അഞ്ച് സീറ്റ് എങ്കിലും വേണമെന്നുമാണ് സിപിഎം നേതാക്കളുടെ ആവശ്യം. കഴിഞ്ഞ തവണ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. ഇതിനുപുറമെ നാഗപ്പട്ടണം, തെങ്കാശി, കന്യാകുമാരി സീറ്റുകള്‍ കൂടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നാഗപ്പട്ടണവും തിരുപ്പൂരും കഴിഞ്ഞ തവണ സിപിഐ മത്സരിച്ച മണ്ഡലങ്ങളാണ്. കോയമ്പത്തൂര്‍ സീറ്റ് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അധിക സീറ്റ് ആവശ്യവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും പ്രാരംഭ ഘട്ട ചര്‍ച്ച മാത്രമാണ് നടന്നതെന്നും സ്‌പെയിനില്‍നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തിരിച്ചെത്തിയശേഷം വീണ്ടും ചര്‍ച്ച തുടരുമെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. രണ്ടാം ഘട്ട ചര്‍ച്ചയിലായിരിക്കും സീറ്റുകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.

Top