ആളില്ലാ പാർട്ടികൾ ആളാകാൻ ശ്രമിക്കുന്നു, സി.പി.എം ചോദിച്ച് വാങ്ങിയ തലവേദന

ഞാഞ്ഞൂലുകളും പത്തി വിടര്‍ത്തുന്ന കാലമാണിത് എന്ന് തോന്നിക്കുന്നതാണ് ഇടതുമുന്നണിയിലെ ഇപ്പോഴത്തെ കാര്യങ്ങള്‍.

ഒറ്റക്ക് ഒരു വാര്‍ഡില്‍ പോലും വിജയിക്കാന്‍ ശേഷിയില്ലാത്ത ഘടക കക്ഷികളാണ് ലോകസഭ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതും അടുത്തയിടെ സി.പി.എം കരുണയില്‍ മാത്രം മുന്നണിയില്‍ കയറി പറ്റിയവര്‍.

ഇക്കൂട്ടര്‍ക്ക് ഇടതു മുന്നണി നേതൃത്വം സീറ്റുകള്‍ വിട്ടു നല്‍കിയാലും ഇല്ലെങ്കിലും രാഷ്ട്രീയ കേരളം ഇടത്‌വലതു മുന്നണികളുടെ ശക്തി വിലയിരുത്തുക തന്നെ വേണം.

ഇടതു പക്ഷത്ത് ഏറ്റവും ശക്തമായ ജനകീയ അടിത്തറയുള്ള ഏക പാര്‍ട്ടി സി.പി.എം മാത്രമാണ്. സി.പി.എമ്മിനാല്‍ മാത്രം നില നില്‍ക്കുന്ന മുന്നണിയാണ് എന്ന് തന്നെ പറയാം. സി.പി.ഐക്ക് പോലും ഒറ്റയ്ക്ക് ഒരു നിയമസഭ മണ്ഡലത്തിലും ജയിക്കാനുള്ള ശേഷി ഇല്ലെന്നതാണ് സത്യം. കൊല്ലം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് സി.പി.ഐക്ക് സ്വാധീനം അവകാശപ്പെടാനുള്ളത്.

cpm

മറ്റു ഘടകകക്ഷികളായ കോണ്‍ഗ്രസ്സ് എസ്, ജനതാദള്‍ എസ് , എന്‍.സി.പി, വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ്സ് ബി തുടങ്ങിയവയും കേരള കോണ്‍ഗ്രസ്സ് സ്‌കറിയാ തോമസ് വിഭാഗവുമെല്ലാം വെറും പടം മാത്രമാണ്. കേരള രാഷ്ട്രീയത്തില്‍ ഒരു ശക്തിയും ഇല്ലാത്തവര്‍. എന്തിനാണ് സി.പി.എം ഇങ്ങനെ ഈ ഘടക കക്ഷികളെ ചുമക്കുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

അടുത്തയിടെ ഇടതു മുന്നണിയിലേക്ക് സി.പി.എം താല്‍പ്പര്യമെടുത്ത് ബര്‍ത്ത് നല്‍കിയ ലോക് താന്ത്രിക് ജനതാദളും, ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സും, ലോകസഭ സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിച്ചത് തന്നെ തെറ്റാണ്. ഇവര്‍ക്ക് പുറമെ എന്‍.സി.പിയും ജനതാദള്‍ എസും ലോകസഭ സീറ്റ് ആവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

ജനതാദള്‍ എസിന് കഴിഞ്ഞ തവണ കോട്ടയം സീറ്റ് മത്സരിക്കാന്‍ നല്‍കിയ സി.പി.എം നടപടിയും ചരിത്രപരമായ മണ്ടത്തരമായിരുന്നു.

ജനങ്ങള്‍ക്കിടയിലെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ വീതം വച്ച് നല്‍കേണ്ടത്. അല്ലാതെ സീറ്റുകള്‍ നല്‍കിയാല്‍ അത് സ്വന്തം അണികള്‍ പോലും വകവെച്ച് തരില്ലെന്നത് സി.പി.എം ഓര്‍ക്കണം. ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധി സി.പി.എം അനുഭാവികള്‍ക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ മറ്റു ചിഹ്നങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട ഗതികേടാണ് ഉള്ളത്. മുന്നണി രാഷ്ട്രീയമാകുമ്പോള്‍ വിട്ടു വീഴ്ച അനിവാര്യമാണെന്ന പതിവ് ന്യായീകരണം പുതിയ കാലത്ത് എന്തായാലും വിലപ്പോവില്ല.

CPM

ഏതൊക്കെ പാര്‍ട്ടികള്‍ക്ക് ഈ മണ്ണില്‍ സ്വാധീനം ഉണ്ട് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ രാഷ്ട്രീയ കേരളത്തിനുണ്ട്.

വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ ലോകസഭ സീറ്റിനായി നീക്കം നടത്തിയത് തന്നെ തെറ്റാണ്. യു.ഡി.എഫ് പാളയത്തില്‍ നിന്നും ഇടത്തോട്ട് വീണ്ടും വന്നപ്പോള്‍ രാജ്യസഭാംഗത്വം നല്‍കിയത് മറന്നാണ് ഈ ആവശ്യം.

കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പില്‍ നിന്നും പിളര്‍ന്ന് വന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ഇടുക്കി സീറ്റ് ആവശ്യപ്പെടുന്നതും യുക്തിക്ക് നിരക്കുന്നതല്ല. പിളര്‍ന്ന് പിളര്‍ന്ന് ഒടുവില്‍ നേതാക്കള്‍ തമ്മില്‍ മന്ത്രി സ്ഥാനത്തിന് പോലും കലഹിച്ച ജനതാദള്‍ എസും എന്‍.സി.പിയുമെല്ലാം സ്വപ്ന ലോകത്തിരുന്നാണ് സീറ്റുകള്‍ ചോദിക്കുന്നത്. കര്‍ണ്ണാടകയില്‍ ജനതാദള്‍ എസും മഹാരാഷ്ട്രയില്‍ എന്‍.സി.പിയും സി.പി.എമ്മിന് സീറ്റുകള്‍ വിട്ടു നല്‍കി വേണം അവകാശവാദം പോലും ഉന്നയിക്കാന്‍.

ഈ തലവേദനക്ക് ഇപ്പോഴേ സി.പി.എം മരുന്ന് കൊടുത്തില്ലെങ്കില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ അത് വര്‍ദ്ധിക്കാനാണ് സാധ്യത. ഇവിടെയാണ് നാം യു.ഡി.എഫിലെ ഘടകകക്ഷികളെയും പരിശോധിക്കേണ്ടത്. സി.പി.എം ഘടക കക്ഷികളെ പോലെയല്ല യു.ഡി.എഫിലെ പ്രധാന ഘടക കക്ഷികള്‍. അവര്‍ക്ക് ശക്തമായ സ്വാധീനം സംസ്ഥാനത്തുണ്ട്.

മുസ്ലീം ലീഗിന് മലബാര്‍ മേഖലയിലും കേരള കോണ്‍ഗ്രസ്സിന് മധ്യമേഖലയിലും ഉള്ള സ്വാധീനം ആര്‍ക്കും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഈ രണ്ട് പാര്‍ട്ടികള്‍ ഇല്ലങ്കില്‍ ഒരു സീറ്റില്‍ ജയിക്കാന്‍ പോലും കോണ്‍ഗ്രസ്സിന് ശരിക്കും കഷ്ടപ്പെടേണ്ടി വരും.

മലപ്പുറത്തെ രണ്ട് സീറ്റില്‍ മുസ്ലീം ലീഗും കോട്ടയത്തെ സീറ്റില്‍ കേരള കോണ്‍ഗ്രസ്സുമാണ് യു.ഡി.എഫില്‍ വര്‍ഷങ്ങളായി മത്സരിച്ച് വരുന്നത്. ഓരോ സീറ്റ് കൂടുതല്‍ ഈ രണ്ടു പാര്‍ട്ടികളും ചോദിച്ചതിനെയും തെറ്റ് പറയാനാകില്ല. കാരണം അതിനുള്ള വോട്ട് ബാങ്ക് ഇരുവര്‍ക്കും ഈ മണ്ണിലുണ്ട്. പക്ഷേ ഇടതുപക്ഷത്തിന്റെ സ്ഥിതി അതല്ല സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ശക്തിയില്‍ മാത്രം നിലനില്‍ക്കുന്ന മുന്നണിയാണത്. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് വേണം ഘടകകക്ഷികളുടെ ആവശ്യം സി.പി.എം പരിഗണിക്കേണ്ടത്. അത് ലോകസഭ തിരഞ്ഞെടുപ്പായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും അങ്ങനെയാണ് വേണ്ടത്.

Top