യുഎപിഎ കേസ്; യുവാക്കളെ പുറത്താക്കല്‍ നടപടി പ്രയാസം, പാര്‍ട്ടിക്കകത്ത് ഭിന്നാഭിപ്രായം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനേയും താഹയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ സി.പി.എം ജില്ലാകമ്മിറ്റിയ്ക്കും കീഴ്ഘടകങ്ങള്‍ക്കും രണ്ട് അഭിപ്രായം. ഇവരെ പുറത്താക്കരുതെന്നാണ് കീഴ്ഘടകങ്ങളുടെ അഭിപ്രായമെങ്കിലും നടപടി വേണമെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റി.

ഇരുവരേയും പുറത്താക്കുന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുള്ളതിനാല്‍ അന്തിമ തീരുമാനം എടുക്കുക ഏരിയ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജില്ലാകമ്മിറ്റിയ്ക്ക് താല്‍പര്യമുള്ള മൂന്ന് പേരാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങളായിട്ടുള്ളത്, ആര്‍ ബാലു, ബിജുലാല്‍ പയ്യാനക്കല്‍, കെ ബൈജു എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. അലന്റെ പിതാവ് ഷുഹൈബുമായി അടുത്തബന്ധമുള്ള മുന്‍ ഏരിയാ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസനെ അന്വേഷണ കമ്മീഷനില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല,

അലന്റെയും താഹയുടെയും ബ്രാഞ്ചുകളും അവര്‍ ഉള്‍പ്പെടുന്ന ലോക്കല്‍ ഏരിയാ കമ്മിറ്റികളും ഇവരെ പുറത്താക്കുന്നതിന് എതിരാണ് പക്ഷെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ നടപടി വേണ്ടിവരുമെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റി,ലോക്കല്‍ കമ്മിറ്റി ജനറല്‍ബോഡി യോഗത്തില്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയേറ്റ് അംഗം ടി.പി ദാസന്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവരുടെ മാവോയിസ്റ്റ് ബന്ധങ്ങള്‍ തള്ളികളയാന്‍ ആകില്ലെന്നാണ് എന്നാല്‍ പൊലീസ് കഥകള്‍ തൊണ്ടതൊടാതെ വിഴുങ്ങേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം.

അതത് ഘടകങ്ങളാണ് സാധാരണ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് പക്ഷെ അലന്റെയും താഹയുടെയും കാര്യത്തില്‍ അവരുടെ ബ്രാഞ്ചുകള്‍ നടപടിക്ക് തയ്യാറാല്ല. ലോക്കല്‍കമ്മിറ്റിയും ഏരിയാകമ്മിറ്റിയും പുറത്താക്കുന്നതിന് അനുകൂലമല്ല ഇനി ഊഴം ജില്ലാകമ്മിറ്റിയുടെതാണ്. പാര്‍ട്ടിയില്‍ വിഭാഗീയത കൊടുംപിരി കൊണ്ടകാലത്താണ് ഇത്തരത്തില്‍ മേല്‍കമ്മിറ്റികള്‍ ഇടപെട്ട് കീഴ്കമ്മിറ്റി അംഗങ്ങളെ പുറത്താക്കുന്ന അസാധാരണ നടപടി ഉണ്ടായിട്ടുള്ളത്.

Top