ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് സിപിഎം; ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയത് സി.പി.എം ആണെന്ന് ചെന്നിത്തല പറഞ്ഞു.

69 സീറ്റുകളില്‍ ബി.ജെ.പി പ്രകടമായി സി.പി.എമ്മിന് വോട്ട് മറിച്ചു. വോട്ട് കച്ചവടം മറക്കാനാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്. പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതും മുന്നേറ്റം തടഞ്ഞതും യു.ഡി.എഫ് ആണ്. നേമത്ത് ബി.ജെ.പിക്കെതിരെ യുദ്ധം നടത്തിയത് യു.ഡി.എഫ് ആണ്. കെ. മുരളീധരനാണ് ബി.ജെ.പിയെ തോല്‍പിച്ചത്. നേമം മണ്ഡലത്തിലെ 3305 സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിക്ക് 4,35,606 വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടെന്നും ആ വോട്ടുകള്‍ കിട്ടിയത് സി.പി.എമ്മിനും എല്‍.ഡി.എഫിനുമാണെന്നും ചെന്നിത്തല പ്രസ്താവനയിലൂടെ ആരോപിച്ചു.

 

Top