അണികളെ നിലയ്ക്ക് നിര്‍ത്താന്‍ മുസ്ലീം ലീഗ് തയ്യാറാകണം ;കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎം

മലപ്പുറം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് പിന്തുണയുമായി സിപിഎം ജില്ലാ കമ്മിറ്റി. കെ.ടി. ജലീലിനെതിരെ പ്രതിഷേധിക്കുന്ന അണികളെ നിലയ്ക്ക് നിര്‍ത്താന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറാകണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് അറിയിച്ചു.

അണികളെ കയറൂരിവിട്ട് കലാപത്തിനും അതിക്രമത്തിനുമാണ് ലീഗ് ശ്രമിക്കുന്നത് പ്രതിഷേധം അതിരുവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ലീഗ് ഓര്‍മ്മിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

അതേസമയം കെടി ജലീലിന്റെ മറ്റൊരു വാദം കൂടി തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് സാമ്പത്തിക പ്രതിസന്ധി എന്ന വാദം തള്ളിയിരിക്കുന്നത്.

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധുവായ കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം. ബിരുദാനന്തര ബിരുദവും എംബിഎയും പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ 5 വര്‍ഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാര്‍ഥിയെയാണ് ഒഴിവാക്കിയത്. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതില്‍ തെറ്റില്ലെന്നാണ് ജലീല്‍ ഇക്കാര്യത്തില്‍ ഉന്നയിച്ച വിശദീകരണം

Top