ജി.സുധാകരനെ മാത്രം സിപിഎം വിചാരണ ചെയ്യുന്നതിന് കാരണമുണ്ട്: ബിജെപി നേതാവ് സന്ദീപ് വചസ്പതി

ആലപ്പുഴ: തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി മുന്‍ മന്ത്രി ജി.സുധാകരനെ മാത്രം സിപിഎം വിചാരണ ചെയ്യുന്നതില്‍ കാരണമുണ്ടെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന സന്ദീപ് വചസ്പതി. ആലപ്പുഴയില്‍ വോട്ട് കുറഞ്ഞിട്ടും അത്ര വോട്ട് കുറയാത്ത അമ്പലപ്പുഴയില്‍ മാത്രം സിപിഎം ഇഴകീറി പരിശോധിക്കുന്നത് സംശയാസ്പദമാണ്.

എച്ച്.സലാമിനെതിരെ ചന്ദ്രാനന്ദന്‍ സ്മാരകത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാര്‍ട്ടിയെ ഒറ്റിയവന്‍ എന്ന ലേബലിലേക്ക് ജി. സുധാകരനെ ചുരുക്കാനാണ് ചിലരുടെ നീക്കം. തനിക്ക് പിന്നില്‍ ചില രാഷ്ട്രീയ ക്രിമിനലുകള്‍ ഉണ്ടെന്ന സുധാകര വചനത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സാരം. ഫെയ്‌സ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്തുകൊണ്ട് ജി.സുധാകരന്‍ മാത്രം വിചാരണ ചെയ്യപ്പെടുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തവുമുണ്ട്. അമ്പലപ്പുഴയേക്കാള്‍ ദയനീയ പ്രകടനം നടന്ന ആലപ്പുഴയെ ഒഴിവാക്കി അമ്പലപ്പുഴ മാത്രം ഇഴകീറി പരിശോധിക്കുന്ന സിപിഎമ്മിന്റെ നയം സംശയാസ്പദമാണ്. കണക്കുകള്‍ കഥ പറയും.

2016 ല്‍ ഡോ. തോമസ് ഐസക് 83,211 വോട്ടുകള്‍ നേടിയപ്പോള്‍ 2021 ല്‍ പി.പി ചിത്തരഞ്ജന് 73,412 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 9799 വോട്ടുകളുടെ കുറവ്. അതേ സമയം അമ്പലപ്പുഴയില്‍ ജി സുധാകരന്‍ നേടിയ 63,069 വോട്ടുകളേക്കാള്‍ വെറും 1704 വോട്ടുകള്‍ മാത്രമാണ് എച്ച്. സലാമിന് കുറഞ്ഞത്. 2016 നേക്കാള്‍ 6.96% വോട്ടുകള്‍ 2021 ല്‍ ആലപ്പുഴയില്‍ സിപിഎമ്മിന് നഷ്ടമായപ്പോള്‍ അമ്പലപ്പുഴയില്‍ വെറും 2.53% ശതമാനം വോട്ടുകളേ കുറഞ്ഞുള്ളൂ.

ഭൂരിപക്ഷം പരിശോധിച്ചാലും അമ്പലപ്പുഴയിലെ പ്രകടനാണ് മികച്ചത്. ആലപ്പുഴയിലെ ഭൂരിപക്ഷത്തില്‍ 19,388 വോട്ടുകളുടെ കുറവുണ്ടായപ്പോള്‍ അമ്പലപ്പുഴയില്‍ ഭൂരിപക്ഷത്തില്‍ 11,496 വോട്ടുകളേ കുറവുണ്ടായുള്ളൂ. പിന്നെന്തു കൊണ്ട് സുധാകരന്‍ മാത്രം ക്രൂശിക്കപ്പെടുന്നു? ആലപ്പുഴയിലെ വോട്ട് ചോര്‍ച്ചയേക്കാള്‍ അമ്പലപ്പുഴയിലെ പ്രകടനം മാത്രം വിലയിരുത്തിയാല്‍ മതിയെന്ന ചിന്തയ്ക്ക് പിന്നിലെ വികാരം എന്താണ്?.

എസ്.ഡി.പി.ഐ വോട്ടുകള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കില്ലായിരുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം. അതായത് കണക്കില്‍ കാണുന്നതിലുമപ്പുറം പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് ചുരുക്കം. എച്ച്. സലാം എസ്.ഡി.പി.ഐക്കാരന്‍ ആണെന്ന് പ്രഖ്യാപിച്ച് ചന്ദ്രാനന്ദന്‍ സ്മാരകത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. പാര്‍ട്ടിയെ ഒറ്റിയവന്‍ എന്ന ലേബലിലേക്ക് ജി. സുധാകരനെ ചുരുക്കാനാണ് ചിലരുടെ നീക്കം. തനിക്ക് പിന്നില്‍ ചില രാഷ്ട്രീയ ക്രിമിനലുകള്‍ ഉണ്ടെന്ന സുധാകര വചനത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സാരം.

 

Top