ബീഹാറിലെ സി.പി.ഐയുടെ ”തെറ്റ്” ബംഗാളിൽ ‘തിരുത്താൻ’ സി.പി.എം !

രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവി വാഗ്ദാനങ്ങളാണ് കനയ്യകുമാറും ഐഷിഘോഷും. ജെ.എന്‍.യു സംഭാവന ചെയ്ത ഇവര്‍ രണ്ടു പേരും തീപ്പൊരി പ്രാസംഗികര്‍ മാത്രമല്ല മികച്ച സംഘാടകര്‍ കൂടിയാണ്. ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റാകുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. എന്നാല്‍ ഇതാണ് നിഷ്പ്രയാസം കനയ്യയും ഐഷിഘോഷും അതിജീവിച്ചിരിക്കുന്നത്. എ.ഐ.എസ്.എഫ് പാനലില്‍ ജെ.എന്‍.യു പ്രസിഡന്റായ കനയ്യ ഇപ്പോള്‍ സി.പി.ഐയുടെ പ്രധാന യുവ മുഖമാണ്. 2016ല്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന കുറ്റം ചുമത്തിയാണ് കനയ്യയെ ഡല്‍ഹി പൊലീസ് ജയിലിലടച്ചിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാര നടപടിയായാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഈ നടപടിയെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് കനയ്യയുടെ ആസാദി മുദ്രാവാക്യവും തരംഗമായാണ് രാജ്യത്ത് പടര്‍ന്നിരുന്നത്.

”ഞങ്ങളെ പൗരന്മാരായി കണക്കാക്കുന്നില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ സര്‍ക്കാരായും കണക്കാക്കില്ല” എന്നതാണ് കേന്ദ്ര സര്‍ക്കാറിനോടുള്ള കനയ്യയുടെ അന്നത്തെയും ഇന്നത്തെയും നിലപാട്. ബീഹാറിന്റെ ഭാവി വാഗ്ദാനമാണ് ഈ കമ്യൂണിസ്റ്റ്. ബീഹാറില്‍ നിതീഷ് കുമാറും തേജസ്വി യാദവും ചിരാഗ് പസ്വാനും ഒരു പോലെ ഭയപ്പെട്ടുന്നതും ഈ കുറിയ മനുഷ്യനെ തന്നെയാണ്. മഹാസഖ്യത്തില്‍ ഭാഗമായിട്ടും കനയ്യക്ക് സി.പി.ഐ സീറ്റ് നല്‍കാതിരുന്നതും തേജസ്വിയുടെ സമ്മര്‍ദ്ദഫലമായാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വങ്ങള്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണിത്. കനയ്യ കൂടി മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ അത് ബീഹാറില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് നല്‍കുമായിരുന്നു. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടത് ഇനി സി.പി.ഐയാണ്.

കനയ്യയെ ഭയക്കുന്നത് ബീഹാറിലെ രാഷ്ട്രീയ നേതൃത്വമാകെയാണെങ്കില്‍ ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ സാക്ഷാല്‍ മമത ബാനര്‍ജി പോലും ആശങ്കപ്പെടുന്നത് ഐഷിഘോഷിന്റെ സാന്നിധ്യമാണ്. പെണ്‍പുലിയായി അറിയപ്പെടുന്ന മമതയ്ക്ക് ‘ബദല്‍’ മറ്റൊരു പെണ്‍പുലിയെ തന്നെയാണ് സി.പി.എമ്മും കരുതി വച്ചിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് 2021-ല്‍ ബംഗാളില്‍ നടക്കാന്‍ പോകുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ ഐഷി ഘോഷിനെ സി.പി.എം മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ തന്നെ പുറത്ത് വരുന്നുണ്ട്. യുവത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് സി.പി.എം വംഗനാട്ടില്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി നേതൃത്വത്തെ സംബന്ധിച്ചും ഐഷിയുടെ സാന്നിധ്യം കണ്ണിലെ കരടാകും.

ഐഷി അനുഭവിച്ച പീഢനം സമീപകാലത്തൊന്നും ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹിയും രാജ്യത്ത് അനുഭവിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള പൊലീസിന്റെ അതിക്രമം മാത്രമല്ല സംഘപരിവാര്‍ സംഘടനകളുടെ ആക്രമണത്തിനും കൂടിയാണ് ഈ എസ്.എഫ്.ഐ നേതാവ് വിധേയമായിരിക്കുന്നത്. പരിക്കേറ്റ ഐഷിയുടെ തലയില്‍ 16 തുന്നലുകളാണ് ഇട്ടിരുന്നത്. ഇടത് കയ്യും തല്ലിയൊടിക്കപ്പെട്ടു. വിദ്യാര്‍ഥികളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കാമ്പസില്‍ വച്ച് ഐഷിഘോഷിന് മര്‍ദനമേറ്റത്. ‘ആരും ഭയപ്പെടരുത് സംയമനം പാലിക്കണം’ എന്ന് വിദ്യാര്‍ഥികളോട് പറയുന്നതിനിടെയായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഐഷിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ആക്രമണത്തില്‍ സജീവമായി പങ്കാളികളാകുകയുണ്ടായി. പൊലീസിന്റെ മൗനവും ഏറെ ഭയപ്പെടുത്തുന്നതായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമായിരിക്കെയാണ് രാജ്യ തലസ്ഥാനത്ത് ഈ കടന്നാക്രമണവും നടന്നിരുന്നത്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക എന്ന പരീക്ഷണമാണ് കേന്ദ്ര സര്‍ക്കാര്‍ ജെ.എന്‍.യുവില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പോരാളികളുടെ ആ കാമ്പസ് ചെറുത്ത് നില്‍പ്പിന്റെ ചരിത്രം തന്നെയാണ് ഐഷിയുടെ കാലത്തും ആവര്‍ത്തിച്ചിരിക്കുന്നത്. ഐഷി കൂടി രംഗത്തിറങ്ങുന്നത് ബംഗാളിലെ ചുവപ്പ് സ്വപ്നങ്ങള്‍ക്കാണ് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ശക്തമായ സമരം നയിച്ച നേതാവെന്ന ഇമേജും ബംഗാളില്‍ ഐഷിക്കുണ്ട്. ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മമതയെ സംബന്ധിച്ച് ഇതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

മമതയുടെ ആദ്യകാല രീതികളോടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഐഷിയെയും ഇപ്പോള്‍ താരതമ്യപ്പെടുത്തുന്നത്. യുവനിരയെ പോത്സാഹിപ്പിക്കുന്ന നിലപാടാണ് ബംഗാളില്‍ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ഇത് സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്. ഭാവി തലമുറയെ ഉയര്‍ത്തി കൊണ്ടുവരേണ്ടത് ഇടതുപക്ഷത്തിന്റെ ചുമതലയാണ്. ബീഹാറില്‍ ഇക്കാര്യത്തില്‍ സി.പി.ഐക്കാണ് വീഴ്ച പറ്റിയിരിക്കുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ ആയിരിക്കണം. ചെറിയ നേട്ടങ്ങള്‍ക്കായി ഭാവിയിലെ വലിയ സാധ്യതയാണ് കനയ്യയെ അവഗണിച്ചതിലൂടെ സി.പി.ഐ നഷ്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലേക്ക് ഒരു ഘട്ടത്തില്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് തന്നെ പോകേണ്ടി വന്നിരുന്നത്. കനയ്യകുമാറിന്റെ ജനസമ്മിതിയും സ്വാധീനവും മുതലാക്കാന്‍ സിപിഐക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ശക്തമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കനയ്യകുമാര്‍ നേരത്തെ തന്നെ പ്രചരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ കനയ്യകുമാറും ഷക്കീല്‍ അഹമ്മദ് ഖാനും ചേര്‍ന്ന് നടത്തിയ ബീഹാര്‍ യാത്രയില്‍ വലിയ ആള്‍ക്കൂട്ടങ്ങളാണ് ഉണ്ടായിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ഉറപ്പായും മത്സരിക്കാനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്ത് വന്നതോടെ കനയ്യ ഔട്ടാവുകയായിരുന്നു. സി.പി.ഐയുടെ ഈ നടപടി ശരിയായില്ലെന്ന നിലപാട് സി.പി.എമ്മിനും നിലവിലുണ്ട്. മഹാസഖ്യം സി.പി.ഐക്ക് നല്‍കിയ ആറ് സീറ്റുകളില്‍ രണ്ടെണ്ണം സിപിഐയുടെ സ്വാധീന മേഖലയായ ബെഗുസരായിലാണ്. അതിനാല്‍ തന്നെ ഇതില്‍ ഒരു സീറ്റില്‍ കനയ്യകുമാര്‍ മത്സരിച്ചാല്‍ വിജയവും സുനിശ്ചിതമായിരുന്നു.

നിയമസഭയിലും ശക്തമായ സാന്നിധ്യമാകാന്‍ ഇതുവഴി സി.പി.ഐക്ക് കഴിയുമായിരുന്നു. ഈ അവസരമാണ് സി.പി.ഐ തുലച്ചിരിക്കുന്നത്. അതേസമയം മത്സര രംഗത്തില്ലായിരുന്നെങ്കിലും കനയ്യകുമാര്‍ പ്രചരണ രംഗത്ത് സജീവമായിരുന്നു. ബിഹാറി പെണ്‍കുട്ടി ഇടതുപക്ഷ കേരളത്തില്‍ പഠിച്ച് ഒന്നാം റാങ്ക് നേടിയ സംഭവം ഇത്തവണ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കിയതും കനയ്യകുമാര്‍ തന്നെയാണ്. കേരളത്തിലെ ഇടതു മാതൃക ചൂണ്ടിക്കാട്ടിയാണ് നിതീഷ് ഭരണകൂടത്തെ കനയ്യ പ്രതിരോധത്തിലാക്കിയിരുന്നത്.

പഠിക്കാനുള്ള സാഹചര്യമാണ് ആദ്യം വേണ്ടതെന്നാണ് കനയ്യ പ്രചരണ യോഗങ്ങളില്‍ ആവശ്യപ്പെട്ടിരുന്നത്. ബീഹാറില്‍ ഇടതുപക്ഷത്തെ സംഘടനാപരമായി ശക്തിപ്പെടുത്തുകയെന്നത് ദീര്‍ഘ പ്രക്രിയയായാണ് ഈ യുവ നേതാവ് നോക്കി കാണുന്നത്. അതിന് തുടക്കം കുറിക്കാന്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വഴിയൊരുക്കുമെന്നാണ് കനയ്യയുടെ പ്രതീക്ഷ. ഈ പ്രതീക്ഷയില്‍ തന്നെയാണ് അവിടുത്തെ ഇടതുപക്ഷ മനസ്സുകളും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

Top