ബിജെപിക്കെതിരെ മമതയുമായി സഹകരിക്കുമെന്ന് സിപിഎം

ന്യൂഡല്‍ഹി: ബിജെപിക്ക് എതിരെ മമത ബാനര്‍ജിയുമായി സഹകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി സഹകരിക്കും. എന്നാല്‍ പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തൃണമൂലുമായി സഹകരണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നേര്‍ക്കുനേര്‍ പോരാടുന്ന പാര്‍ട്ടിയാണ് സി.പി.എമ്മും കോണ്‍ഗ്രസും. ഇത്തരത്തില്‍ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോള്‍ തന്നെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി സഹകരിക്കുന്നുണ്ട്. ഇതേ നയം തന്നെ ആയിരിക്കും തൃണമൂല്‍ കോണ്‍ഗ്രസിനോടും പാര്‍ട്ടി സ്വീകരിക്കുക എന്ന് യെച്ചൂരി വ്യക്തമാക്കി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ മുമ്പും പാര്‍ട്ടി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ താന്‍ എഴുതിയ പ്രമേയം മമത ബാനര്‍ജി ഒപ്പിട്ട കാര്യവും സി.പി.എം. ജനറല്‍ സെക്രട്ടറി അനുസ്മരിച്ചു. പശ്ചിമ ബംഗാളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് നേരെ വലിയ തോതില്‍ അക്രമണങ്ങളാണ് മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്നത്. ജനാധിപത്യ ധ്വംസന പ്രവര്‍ത്തനങ്ങളാണ് മമതാ ബാനര്‍ജിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അതുകൊണ്ട് തന്നെ മമതാ ബാനര്‍ജിയുമായി ഒരു സഖ്യത്തിനോ സഹകരണത്തിനോ പോലും തയ്യാറല്ല എന്നായിരുന്നു അന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നത്.

2004 – ല്‍ ഇടത് പാര്‍ട്ടികള്‍ക്ക് 61 എംപിമാരാണ് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ 57 എംപിമാരും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് പാര്‍ലമെന്റില്‍ എത്തിയത്. സംസ്ഥാന തലത്തില്‍ ഒരു നിലപാടും ദേശിയ തലത്തില്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നും യെച്ചൂരി വ്യക്തമാക്കി.

 

Top