എസ്.ബി.ഐ ആക്രമണത്തിൽ സി.പി.എം നേതാക്കളെ ‘പൂട്ടാൻ’ ബി.ജെ.പി നീക്കം

കേരളത്തിലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ വിട്ടുവീഴ്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാറും രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്റെ ഓഹരി ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്രഷറി ബ്രാഞ്ച് അടിച്ച് തകര്‍ത്ത സംഭവത്തില്‍ സി.പി.എം സംഘടനാ നേതാക്കളെ കുരുക്കാനാണ് തീരുമാനം.

സംഭവത്തില്‍ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യാതെ ഒത്തു തീര്‍പ്പിന് സി.പി.എം ശ്രമം നടത്തുമ്പോള്‍ അതിനെതിരെ ശക്തമായ ഇടപെടലുകളാണ് ബി.ജെ.പി നടത്തി വരുന്നത്.

ബി.ജെ.പിയുടെ ഒരു എം.പി മുന്‍കൈ എടുത്താണ് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി സമവായം തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

ഇപ്പോള്‍ കീഴടങ്ങിയ രണ്ടു നേതാക്കളില്‍ മാത്രം കേസ് ഒതുക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന നിലപാടിലാണ് ബി.ജെ.പി. തിരുവനന്തപുരത്തെ ട്രഷറി ബ്രാഞ്ച് അടിച്ച് തകര്‍ത്ത സംഘത്തില്‍ 15 പേരാണ് ഉണ്ടായിരുന്നതെന്നാണ് ആരോപണം. ഇതില്‍ ഇനി 13 പേരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് ബി.ജെ.പി. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ നേതാക്കളായ സുരേഷ് ബാബു, സുരേഷ്, അനില്‍, ശ്രീവത്സന്‍ എന്നിവരും പ്രതിപ്പട്ടികയില്‍ പെടും.

ആക്രമണത്തില്‍ പങ്കാളി ആയത് രണ്ടു പേര്‍ മാത്രമാണെന്ന് മൊഴി നല്‍കാനുള്ള സമ്മര്‍ദ്ദത്തിനും ബാങ്ക് അധികൃതര്‍ വഴങ്ങിയിട്ടില്ല. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഈ നേതാക്കളുടെ എല്ലാം ജോലി നഷ്ടപ്പെടും.

അതേ സമയം ബാങ്ക് അക്രമിച്ചവര്‍ അസഭ്യം വിളിച്ചു അപമാനിച്ചതായി ആരോപിച്ച് ബാങ്കിലെ വനിതാ ജീവനക്കാര്‍ റീജിയനല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് പൊലീസിനു കൈമാറുമെന്നാണ് അറിയുന്നത്. ആക്രമണ സംഭവത്തില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമടക്കം 15 പേര്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഒത്തു തീര്‍പ്പ് പരിപാടി നടക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നുമാണ് ബി.ജെ.പി നിലപാട്. ഇക്കാര്യത്തില്‍ തങ്ങളാല്‍ കഴിയുന്ന സമ്മര്‍ദ്ദം കേന്ദ്രത്തില്‍ ചെലുത്തി ബാങ്ക് അധികൃതരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തിയതിന് ബി.ജെ.പി – ആര്‍.എസ്.എസ് നേതാക്കളെ റെയ്ഡ് നടത്തി പിടിച്ച കേരള പൊലീസ്, സി.പി.എമ്മുകാരായ സംഘടനാ നേതാക്കളെ പിടിക്കാത്തതെന്താണ് എന്നാണ് ഇവരുടെ ചോദ്യം.

ദേശീയ അടിസ്ഥാനത്തില്‍ നടന്ന പണിമുടക്കിന്റെ ഭാഗമായി എസ്.ബി.ഐ ബാങ്ക് അടപ്പിക്കാന്‍ ചെന്നവരാണ് അവിടെ ആക്രമണം നടത്തിയിരുന്നത്.

പൊതുപണിമുടക്കിനോട് അനുബന്ധിച്ച് തീവണ്ടി തടഞ്ഞ് റെയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് വിവിധ സിപിഎം നേതാക്കള്‍ക്കെതിരെ
കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള റെയില്‍വേ സുരക്ഷാസേന കേസെടുത്തിട്ടുണ്ട്.

ശിക്ഷിക്കപ്പെട്ടാല്‍ 3 വര്‍ഷം തടവ് മാത്രമല്ല ശിവന്‍കുട്ടി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് മത്സരിക്കാനും ഇനി കഴിയില്ല. കൂടുതല്‍ നേതാക്കളെ വരും ദിവസങ്ങളില്‍ പ്രതികളാക്കുമെന്നും സൂചനയുണ്ട്.

political reporter

Top