നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല; തീരുമാനമെടുത്ത് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എം വി ഗോവിന്ദന്‍ കിളിമാനൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്തമാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. നയപ്രഖ്യാപനം ഒഴിവാക്കി എന്ന് ആരാണ് പറഞ്ഞത്?, നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല. നയപ്രഖ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന് അവരുടേതായ അഭിപ്രായമുണ്ടാകും. അതല്ലല്ലോ എല്ലാവരും കൈകാര്യം ചെയ്യേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടരാനാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. സമ്മേളന നടപടി ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നെങ്കിലും സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിയാതെ, ജനുവരിയില്‍ വീണ്ടും ചേരാനാണ് തീരുമാനം. എങ്കില്‍ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായേ കണക്കാക്കൂ എന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. ജനുവരി മൂന്നാംവാരം സഭയില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

Top