ലീഗ് നിലപാട് ശരിയെന്ന് ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർഎസ്പിയും രംഗത്തുവന്നതോടെ യുഡിഎഫിൽ പ്രതിസന്ധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘപരിവാർ വിരുദ്ധ അജണ്ട ആര് സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കും. എൽഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടകകക്ഷികൾ കരുതുന്നത് നല്ല സൂചനയാണെന്നും സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിന്‍റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി. എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാൻ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്ന് എം വി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.

എൽഡിഎഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്‍റെ സൂചന കൂടിയാണിത്. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികൾ പോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും ലേഖനത്തില്‍ കുറിക്കുന്നു.

Top