സിനിമയല്ല ജീവിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി

കൊച്ചി:താരസംഘടനയായ’അമ്മ’യുടെ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള താരങ്ങളുടെ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിനിമയല്ല ജീവിതമെന്നും സംഘടനയെ സംഘടനയായേ ജനം കാണുവെന്നും പൊതുവേദികളില്‍ താരങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു.

മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയെക്കുറിച്ച് ആദ്യം സൂചന ഇല്ലായിരുന്നുവെന്നും പുതിയ വിവരങ്ങള്‍ പൊലീസിനു ലഭിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു കയര്‍ത്ത മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും നിലപാടിനെതിരെ വ്യാപകപ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളാണ് താരങ്ങളെ ചൊടിപ്പിച്ചത്.

സംഘടനയിലെ അംഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചിരുന്നു.

തുടര്‍ന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് താരങ്ങളുടെ പ്രതികരണവുമായി ബന്ധപ്പെട്ട് മാപ്പു പറഞ്ഞിരുന്നു. മുകേഷിന്റെ പ്രതികരണം പാര്‍ട്ടിക്കും മുന്നണിക്കുമുള്ളില്‍ വിയോജിപ്പ് ഉണ്ടാക്കുകയും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ഇക്കാര്യം പരസ്യമായി പറയുകയും ചെയ്യുകയുണ്ടായി.
.

Top