ചില സി.പി.എം മന്ത്രിമാര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം

തിരുവനന്തപുരം : സിപിഎം മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല. നേതാക്കളും അവരുടെ പശ്ചാത്തലവും സംശയത്തിന് അതീതമാകണമെന്നും ജനങ്ങളോട് സൗമ്യമായി പെരുമാറണമെന്നതും നിര്‍ദേശമുയര്‍ന്നു.

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം വാഴ്ത്തിയായിരുന്നു സംസ്ഥാന സമിതിയോഗത്തില്‍ നേതാക്കള്‍ സംസാരിച്ചത്. പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമങ്ങളാണെന്നും നേതാക്കള്‍ ആരോപിച്ചു. മാധ്യമങ്ങള്‍ പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

അതിരുകടക്കുന്ന പാര്‍ട്ടി പിരിവിനെ കുറിച്ചായിരുന്നു സ്വയം വിമര്‍ശനം. പിരിവുകള്‍ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം. പാര്‍ട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. നാളെ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് രേഖയില്‍ ഭേദഗതി വരുത്തും.

Top