ജലീല്‍ സ്വകാര്യ വാഹനത്തില്‍ പോയത് സുരക്ഷയെ കരുതി, രാജി വെയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: എന്‍ഐഎ ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ. ടി ജലീല്‍ രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ബി.ജെ.പി, കോണ്‍ഗ്രസ്സ് സമരങ്ങളില്‍ ഗുണ്ടകളെ ഇറക്കുന്നുവെന്നും ബോധപൂര്‍വ്വം അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. ജലീല്‍ സ്വകാര്യ വാഹനത്തില്‍ പോയത് സുരക്ഷയെ കരുതിയാണെന്നാണ് സെക്രട്ടറിയറ്റിന്റെ വിശദീകരണം.

കെ. ടി ജലീല്‍ രാജിവെക്കേണ്ട യാതൊരാവശ്യവുമില്ലെന്നതാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. അദ്ദേഹം ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ല. അതുകൊണ്ട് തന്നെ ധാര്‍മ്മിതയുടെ വിഷയം ഉദിക്കുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ പ്രചാരണം നടത്താനും സി.പി.എം തീരുമാനിച്ചു.

25നും 26നും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റും കമ്മറ്റിയും ചേരുന്നുണ്ട്. അതില്‍ ആലോചിച്ച് പ്രചാരണ പരിപാടിയിലേക്ക് കടക്കാനാണ് ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം സമരത്തില്‍ പൊലീസുകാരന് പരിക്കേറ്റിരുന്നു. നല്ല കായിക പരിശീലന ലഭിച്ചയാള്‍ക്കു മാത്രമേ ഇത്തരത്തില്‍ സമരം ചെയ്യാനാവൂ. അതുകൊണ്ട് ഗുണ്ടകളുടെ വ്യാപകമായ സാന്നിധ്യം ഇത്തരത്തില്‍ സമരങ്ങളില്‍ കാണുന്നുണ്ട് എന്നും സെക്രട്ടറിയറ്റ് യോഗത്തില്‍ വിലയിരുത്തി.

Top