ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ വൈകിട്ട് മൂന്നിന് ഇടതുമുന്നണിയോഗവും ചേരുന്നുണ്ട്.

അരൂരൊഴികെ നാലും യുഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍. അരൂരിലും കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്തത് യു.ഡി.എഫ്. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധന്റെയും കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും അഭാവം അനുകൂലമാക്കാനാണ് ശ്രമം. വട്ടിയൂര്‍ക്കാവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനും മേയര്‍ വി.കെ.പ്രശാന്തിനുമാണ് മുന്‍തൂക്കം. കോന്നിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡ്‌റ് കെ.യു.ജനീഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവരെ പരിഗണിക്കും.

2011ല്‍ സ്ഥാനാര്‍ഥിയായിരുന്ന എം.എസ്.രാജേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. അരൂരില്‍ മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, സംസ്ഥാനസമിതിയംഗം സി.ബി.ചന്ദ്രബാബു, ജില്ലാ കമ്മിറ്റിയംഗം മനു സി.പുളിക്കന്‍. എറണാകുളത്ത് സ്വതന്ത്രരെങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ മകന്‍ അഡ്വ. മനുറോയി, സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ അഡ്വ. റോണ്‍ ബാസ്റ്റ്യന്‍, കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം യേശുദാസ് പറപ്പള്ളി എന്നിവരെ പരിഗണിക്കും.

പാര്‍ട്ടി സ്ഥാനാര്‍ഥിയെങ്കില്‍ മുന്‍ കൗണ്‍സിലര്‍ സോജന്‍ ആന്റണി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എന്‍.ഉണ്ണികൃഷ്ണന്‍, കഴിഞ്ഞതവണ ഹൈബിക്കെതിരെ മല്‍സരിച്ച എം.അനില്‍കുമാര്‍. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആര്‍.ജയാനന്ദയുടെ പേരിനാണ് മുന്‍തൂക്കം. മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവും അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രനും വരാം. സംസ്ഥാനസെക്രട്ടേറിയറ്റിന്റെ നിര്‍ദേശങ്ങള്‍ നാളെ ചേരുന്ന ജില്ലാസെക്രട്ടേറിയറ്റ്, മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും.

Top