എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെപ്പോലെ പ്രവര്‍ത്തിക്കുന്നു:കോടിയേരി

തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന് പിന്തുണ നല്‍കണമെന്ന നിലപാട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടേതാണ്. അതില്‍ ദുരുദ്ദേശ്യമുണ്ട്. അത് പരിശോധിക്കണം. കരയോഗങ്ങളില്‍ നിന്ന് തന്നെ ഇതിനെതിരെ എതിര്‍പ്പുയരുന്നുണ്ട്. ആര് എന്ത് ആഹ്വാനം ചെയ്താലും എന്‍എസ്എസിലെ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും അവരവരുടെ പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും കോടിയേരി അറിയിച്ചു.മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. അങ്ങനെ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറ തകര്‍ക്കും. കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭാവിയില്‍ ഈ അടിത്തറ ഇളക്കുന്നതിലേക്ക് ചെന്നെത്തിക്കും.ഒരു സമുദായ സംഘടന ഒരു പാര്‍ട്ടിക്ക് വേണ്ടി സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എന്‍.എസ്.എസിനെതിരെ ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാലും രംഗത്തെത്തിയിരുന്നു. ജാതി-മത സംഘടനകള്‍ ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് വട്ടിയൂര്‍ക്കാവിനെ മാത്രം പറഞ്ഞതല്ല. സംസ്ഥാനത്ത് മൊത്തം അവരുടെ നിലപാടാണത്. ഇതുമായി ബന്ധപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഒരു നിലപാട് പറഞ്ഞിട്ടുണ്ട്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതാണ് ചട്ടം. ജാതി-മത സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് ന്യായമായ കാര്യമല്ല. അത് നിയമവിരുദ്ധവുമാണ്. അക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സംശയരഹിതമായി പറഞ്ഞിട്ടുണ്ട്.സമുദായ സംഘടനകള്‍ക്ക് അവരുടേതായ പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ഒ.രാജഗോപാല്‍ പറയുകയുണ്ടായി.

Top