കാറ്റ്‌ പിടിക്കാതെ പോയ നുണക്കഥകൾ വീണ്ടും പ്രചരിപ്പിക്കുന്നു; കേരളം പുച്ഛിച്ച് തള്ളുമെന്ന് സിപിഎം

കൊച്ചി: രാഷ്ട്രീയ താൽപര്യത്തോടെ കേന്ദ്ര ഏജൻസികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകൾ തന്നെയാണ് ഇപ്പോൾ രഹസ്യമൊഴി എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് സിപിഎം.രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുന്ന രീതി ബിജെപി സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്ക് നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായതെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്തിനെ കുറിച്ച് ശരിയായ രീതിയിൽ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യ ഘട്ടത്തിൽ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളിൽ ചുമതലപ്പെട്ട ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. സ്വാഭാവികമായും സ്വർണ്ണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേർന്നു എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്തുത. അത്തരം അന്വേഷണം ചില ബി.ജെ.പി നേതാക്കളിലേക്ക് എത്തിചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകൾ രൂപപ്പെടുത്തി മാധ്യമങ്ങളിൽ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഒപ്പം അന്വേഷണ ഏജൻസികളെ ആ വഴിക്ക് കൊണ്ടുപോകാനുള്ള സമ്മർദ്ദം ഉണ്ടാവുകയും ചെയ്തു. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പുതിയവരെ നിയമിക്കുന്ന സ്ഥിതിയും ഈ ഘട്ടത്തിലുണ്ടായി. ഇതിനെ തുടർന്ന് ജനങ്ങളുടെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്നുവന്നു.

കേസിലെ പ്രതിയായ സ്വപ്ന സുരേഷ് തന്റെമേൽ മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാൻ സമ്മർദ്ദമുണ്ടെന്ന കാര്യം ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയതാണ്. ഇത് കാണിക്കുന്നത് കേസിനെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള ഇടപെടൽ തുടക്കത്തിലേ ഉണ്ടായി എന്നതാണ്. കേസിലെ മറ്റ് പ്രതികളും ഇതിന് സമാനമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളതാണ്. തന്റെ മേൽ സമ്മർദ്ദമുണ്ടെന്ന കാര്യം താൻ തന്നെയാണ് പറഞ്ഞത് എന്നും സ്വപ്ന സുരേഷ് തന്നെ വ്യക്തമാക്കിയിരുന്നു. വീണ്ടും അതുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ മൊഴികൾ നൽകിയ കാര്യവും മാധ്യമങ്ങൾ വഴി പുറത്ത് വന്നിരുന്നു. ഇതിന് സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥനും ഇക്കാര്യം വെളിപ്പെടുത്തിയതായ വാർത്തകളും പുറത്തുവന്നിട്ടുള്ളതാണ്.

അന്വേഷണം നടത്തിയ ഏജൻസികളായ എൻ.ഐ.എ കേസ് അവസാനിപ്പിക്കുകയും കസ്റ്റംസ് ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രം നൽകിയതുമാണ്. ഇ.ഡി കുറ്റപത്രം നൽകുന്നതിനുള്ള അന്തിമമായ ഒരുക്കങ്ങളിലാണെന്നാണ് ചില മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്. രാജ്യവ്യാപകമായി രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം പുതിയ തിരക്കഥകൾ രൂപപ്പെടുന്നത് എന്നതും അങ്ങേയറ്റം സംശയാസ്പദമാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് രഹസ്യമൊഴി എന്ന് പറഞ്ഞ് നേരത്തെ പല ഏജൻസികളും പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നതിന് കേസിലെ പ്രതി തയ്യാറായിരിക്കുന്നത്. രഹസ്യമൊഴിയുടെ ഉള്ളടക്കം സാധാരണ പുറത്ത് പറയുന്ന ഒന്നല്ല അത് ജഡ്ജിയും, അന്വേഷണ ഉദ്യോഗസ്ഥനും മാത്രം അറിയേണ്ട ഒരു കാര്യമാണ്. രഹസ്യ മൊഴി നൽകിയും അതുടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഇവയാകെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്. നിയമപരമായ താൽപര്യങ്ങളുടെ ഭാഗമായിട്ടാണ് മൊഴി നൽകിയതെങ്കിൽ മൊഴി നൽകിയ ആൾ ഒരിക്കലും ആ കാര്യങ്ങൾ പുറത്ത് പറയാറില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് നേരെ പോലും അപകീർത്തികരമായ പ്രസ്താവനകളാണ് ഇപ്പോൾ സ്വർണ്ണകള്ളകടത്ത് കേസിലെ പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വളരെ വ്യക്തമാണ്.

ഒരിക്കൽ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നാണ് ഇപ്പോൾ ചിലർ കരുതുന്നത്. ഇത്തരത്തിൽ നട്ടാൽ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളർത്തുവാനുള്ള ശ്രമങ്ങൾ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും.

ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തിക്കൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെ ജനങ്ങൾക്ക് നൽകിയ 900 വാഗ്ദാനങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പിലാക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിക്കഴിഞ്ഞിട്ടുണ്ട്. വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ രാജ്യത്താകമാനം മാതൃകയാവുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളും, തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പും വ്യക്തമാക്കിയത് ജനങ്ങൾക്ക് കൂടുതൽ വിശ്വാസം സർക്കാരിൽ ഉണ്ടാകുന്നു എന്നതാണ്. ഈ ഘട്ടത്തിൽ അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.

Top