മെഗാ തിരുവാതിരയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം: പാറശാലയിലെ മെഗാതിരുവാതിരയില്‍ വിശദീകരണം തേടി സി പി എം സംസ്ഥാന നേതൃത്വം. തിരുവനന്തപുരം ജില്ലാ നേതൃത്വത്തോടാണ് വീശദീകരണം തേടിയത്.

കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന് മുന്‍പ് ഇത്തരത്തിലൊരു പരിപാടി നടത്തിയത് തെറ്റായിപ്പോയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ അഞ്ഞൂറിലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടിയും വിമര്‍ശിച്ചു. അശ്രദ്ധ ഉണ്ടായെന്നും തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര നടത്തിയത് തെറ്റായിപ്പോയെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. പരിപാടി മാറ്റിവയ്‌ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തയ്യാറായി വന്നപ്പോള്‍ പരിപാടി മാറ്റിവയ്ക്കാന്‍ പറയാന്‍ സാധിച്ചില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി നടന്നത്. ബേബി പരിപാടി ആസ്വദിക്കുകയല്ലാതെ എതിര്‍ത്തില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Top