സിപിഎം സംസ്ഥാന സമിതി യോഗം ഇന്നുമുതല്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. സംഘടനാ വിഷയങ്ങളാണ് രണ്ടു ദിവസത്തെ യോഗത്തിലെ മുഖ്യ അജണ്ട. ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം, ആലപ്പുഴയിലെ പാർട്ടിയിലെ വിഭാഗീയത തുടങ്ങിയവ നേതൃയോഗത്തിൽ ചർച്ചയായേക്കും.

ഇ പി ജയരാജനെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജൻ പരാതി എഴുതി നൽകാത്ത സാഹചര്യത്തിൽ പാർട്ടി എന്ത് നിലപാടെടുക്കുമെന്ന് ഇന്നറിയാം.കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും,എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി ജയരാജൻ പാർട്ടിയോട് വിശദീകരിച്ചിരുന്നു. എന്നാൽ സംസ്ഥാന സമിതിയിൽ തൻറെ നിലപാട് അറിയിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചത്.

രേഖാമൂലം പരാതി തന്നാൽ ചർച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിട്ടും പി ജയരാജൻ പരാതി എഴുതി കൊടുത്തിട്ടില്ല. ആരോപണത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് പി ജയരാജൻ മൗനം പാലിക്കുന്നുവെന്നാണ് വിവരം. ലഹരിക്കടത്തുമായി ബന്ധപ്പെ്ട്ട് ആലപ്പുഴയിലുണ്ടായ സംഭവങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.

ഇന്ധനസെസ് വിഷയവും പ്രതിപക്ഷ സമരവും സംസ്ഥാന സമിതി ചർച്ച ചെയ്യും. കേന്ദ്രസർക്കാരിൻറെ കേരളവിരുദ്ധ നിലപാടാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതെന്ന് പ്രചരണം ശക്തമാക്കും. എം വി ​ഗോവിന്ദന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചരണ ജാഥയിൽ ഇത് പ്രധാന വിഷയമായി ഉയർത്തിക്കാട്ടാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചേക്കും

Top