പി കെ ശശിയ്‌ക്കെതിരായ പരാതിയില്‍ നേരത്തെ ഇടപെട്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി

മണ്ണാര്‍ക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ പരാതിയില്‍ നേരത്തെ ഇടപെട്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. പി കെ ശശിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

ആഗസ്റ്റ് 14നാണ് പരാതി കിട്ടിയതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായി നടപടിയെടുക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പി കെ ശശി എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞിരുന്നു. എന്നാല്‍, എംഎല്‍എയ്‌ക്കെതിരെയുള്ള പരാതിയില്‍ സ്വമേധയാ കേസെടുക്കാന്‍ ചട്ടമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നത്.

രാഷ്ട്രീയ പരിഹാരം മുന്നില്‍ക്കണ്ടു കൊണ്ടായിരിക്കാം പ്രശ്‌നപരിഹാരത്തിന് ഇടതു നേതാക്കളെ സമീപിച്ചതെന്നും പ്രശ്‌നപരിഹാരത്തിന് വനിതാ കമ്മീഷനെ സമീപിച്ചാല്‍ യുവതിക്കു രക്ഷാവലയം തീര്‍ക്കുമെന്നും ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നു.

Top