ജെഎന്‍യുവില്‍ മോദി മോഡല്‍ അടിയന്തരാവസ്ഥയെന്ന്‌ സി.പി.എം

sitaram yechoori

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പൊലീസ് നടപടിയെ അപലപിച്ച് സിപിഎം. ജെഎന്‍യുവില്‍ നടത്തുന്നത് മോദി മോഡല്‍ അടിയന്തരാവസ്ഥയാണെന്നും ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്ക്കരണത്തിന് എതിരെ ഡിസംബറില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിപിഎം.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സര്‍ക്കാര്‍ പൊതുനിക്ഷേപം ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണം. എന്നാല്‍ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

യുഎപിഎ വിഷയത്തില്‍ സിപിഎം നിലപാട് വീണ്ടും യെച്ചൂരി ആവര്‍ത്തിച്ചു. യുഎപിഎയ്ക്ക് എതിരാണ് സിപിഎം. പക്ഷെ രാജ്യത്ത് യുഎപിഎ നിലനില്‍ക്കുന്നുണ്ട്. യുഎപിഎയുടെ ഇരകളില്‍ അധികവും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് യുഎപിഎയിലുള്ള പാര്‍ട്ടി നിലപാട് നന്നായി അറിയാമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

Top