പി.കെ.ശശിക്കെതിരെയുള്ള പീഡന പരാതി; അന്വേഷണം ആരംഭിച്ചെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസില്‍ നല്‍കേണ്ട പരാതിയായിരുന്നെങ്കില്‍ പരാതിക്കാരി അത് ആദ്യം ചെയ്‌തേനെയെന്നും തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.

പി.കെ.ശശിക്കെതിരെയുള്ള പരാതി ലഭിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ലഭിച്ച പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതി അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആഗസ്റ്റ് 14ന് അയച്ച പരാതിയല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊന്നും തനിക്കറിയില്ലെന്നും തിങ്കളാഴ്ചയാണ് തനിക്ക് പരാതി ലഭിച്ചതെന്നും അന്നു തന്നെ പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ തനിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ ശശി പറഞ്ഞു. പരാതിക്കാരിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും പി.കെ ശശി പറഞ്ഞു.

പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നല്‍കിയത്.

Top