മഹാരാഷ്ട്രയിൽ കരുത്തുകാട്ടി സി.പി.എം, ഒരുപോലെ ഞെട്ടി ഭരണപക്ഷവും പ്രതിപക്ഷവും !

ഹാരാഷ്ട്രയിലെ ചുവപ്പിന്റെ ഓരോ ചെറിയ വിജയവും കേരളത്തിലെ ഇടതുപക്ഷത്തെ സംബന്ധിച്ചും എപ്പോഴും വലിയ ആവേശമാണ്. മഹാരാഷ്ട്ര നിയമസഭയില്‍ ഒരു എം.എല്‍.എ മാത്രമേ ഒള്ളൂവെങ്കിലും സി.പി.എമ്മിനെ സംബന്ധിച്ച് ഉയര്‍ത്തിക്കാട്ടാന്‍ ഈ ‘ഒന്നു’ തന്നെ ധാരാളമാണ്. ഭരണം പിടിക്കാന്‍ കുതിരക്കച്ചവടം അരങ്ങേറിയ നാളുകളില്‍ മറ്റെല്ലാ പാര്‍ട്ടികളും സ്വന്തം എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയും ജാഗ്രത പാലിച്ചപ്പോള്‍ ഗ്രാമത്തിലൂടെ സൈക്കിളില്‍ സഞ്ചരിച്ചും സ്വന്തം കുടിലില്‍ കിടന്നുറങ്ങിയുമാണ് സി.പി.എമ്മിന്റെ ഏക എം.എല്‍.എ ആയ വിനോദ് നിക്കോള കഴിഞ്ഞിരുന്നത്. കറന്‍സി കെട്ടുകളും മോഹന വാഗ്ദാനങ്ങളുമായി ആ ചുവപ്പ് ഗ്രാമത്തിലേക്ക് കടന്നു ചെല്ലാന്‍ ആരും തന്നെ ധൈര്യപ്പെട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. പണത്തിനും മീതെ പറക്കുന്ന ഒരു എം.എല്‍.എ അതായിരുന്നു മാധ്യമങ്ങളും അദ്ദേഹത്തിനു നല്‍കിയിരുന്ന വിശേഷണം. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കു വേണ്ടി പോരാടുകയും ചെയ്ത ചരിത്രമാണ് വിനോദ് നിക്കോള ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ സി.പി.എം നേതാക്കള്‍ക്കുള്ളത്.

സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ വമ്പന്‍ കര്‍ഷകമാര്‍ച്ച് ലോകം ശ്രദ്ധിച്ച സമരമാണ്. ചോര പൊടിയുന്ന കാല്‍ പാദങ്ങളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍ അധികം പേരാണ് ഇന്ത്യയുടെ വ്യവസായിക നഗരത്തിലേക്ക് അന്ന് മാര്‍ച്ച് ചെയ്തിരുന്നത്. അവര്‍ക്ക് ഭക്ഷണം നല്‍കാനും വെള്ളം നല്‍കാനും നഗരവാസികള്‍ രംഗത്തിറങ്ങിയതും വേറിട്ടൊരു കാഴ്ച തന്നെ ആയിരുന്നു. തീഷ്ണമായ ആ സമരത്തിനു മുന്നില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ നിര്‍ബന്ധിതമായതും നാടറിഞ്ഞ ചരിത്രമാണ്.

ഇതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പേരില്‍ നേട്ടം കൊയ്തതാകട്ടെ എന്‍.സി.പിയും കോണ്‍ഗ്രസ്സുമാണ്. സി.പി.എമ്മിന് സംഘടനാപരമായി ഉണ്ടായിരുന്ന പരിമിതി ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് ശരിക്കും ഗുണം ചെയ്തിരുന്നത്. ഇതോടെ ഒരുപാട് സീറ്റുകള്‍ നേടാനും അതുവഴി ശിവസേനക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനും അവര്‍ക്കു കഴിഞ്ഞു. ഇപ്പോള്‍ ആ ശിവസേനയെ തന്നെ പിളര്‍ത്തി ഭരണം തിരിച്ചു പിടിച്ചിരിക്കുകയാണ് ബി.ജെ.പി. അവരുടെ അടുത്ത ലക്ഷ്യം ലോകസഭ തിരഞ്ഞെടുപ്പാണ്. മോദിക്ക് മൂന്നാം ഊഴം ഉറപ്പാക്കാന്‍ മഹാരാഷ്ട്രയുടെ പങ്ക് ഉറപ്പു വരുത്തുവാന്‍ എന്തു കളിയും ബി.ജെ.പി കളിക്കും. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതും കാവിപ്പടയുടെ രാഷ്ട്രീയ തന്ത്രമാണ്

മറാത്ത മണ്ണിലെ രാഷ്ട്രീയം ഇങ്ങനെ മാറി മറിയുമ്പോഴും മാറാത്ത നിലപാടുമായി പുതിയ പോര്‍മുഖമാണ് ചെമ്പട ഇപ്പോള്‍ തുറന്നിരിക്കുന്നത്. സി.പി.എമ്മിന് വേരോട്ടമില്ലാത്ത മഹാരാഷ്ട്രയില്‍ വര്‍ഗ്ഗ ബഹുജന സംഘടനകളെ ശക്തിപ്പെടുത്തുക എന്ന സി.പി.എം തീരുമാനം അതിന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം ആരംഭിച്ചിരിക്കുകയാണ്. ഒരു എം.എല്‍.എ മാത്രമുള്ള പാര്‍ട്ടി ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിലും കരുത്ത് കാട്ടി തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന

നാസിക്ക്‌ ജില്ലയിലെ തന്നെ കൽവാൻ താലൂക്കിൽ എട്ടും ത്രയംബകേശ്വറിൽ ഏഴും ദിൻഡോരിയിൽ ആറും പേട്ടിൽ അഞ്ചും പഞ്ചായത്തുകളിൽ ജയിച്ചു. നാസിക്ക്‌ ജില്ലയിലെ 194 പഞ്ചായത്തുകളിൽ 59 പഞ്ചായത്തുകളിൽ ജയിച്ച്‌ സിപിഐഎം ഏറ്റവും വലിയ പാർടിയായി. നാസിക്കിൽ എൻസിപി 51 പഞ്ചായത്തുകളിൽ ജയിച്ചപ്പോൾ കോൺഗ്രസ്‌ ഒമ്പത്‌ പഞ്ചായത്തുകളിൽ ഒതുങ്ങി. ബിജെപിക്ക്‌ 13 പഞ്ചായത്തുകൾ കിട്ടി.പാൽഘർ– താനെ ജില്ലയിൽ 26 പഞ്ചായത്തുകളിൽ സിപിഐഎം ഭരണം പിടിച്ചു. ദഹാനു താലൂക്കിൽ ഒമ്പത്‌, ജവഹറിൽ അഞ്ച്‌, തലസരിയിൽ നാല്‌, വിക്രംഗഢിലും വാഡയിലും മൂന്ന്‌ വീതം, ഹാഷാപ്പുരിലും മുർബാദിലും ഒന്ന്‌ വീതം പഞ്ചായത്തുകളിലുമാണ്‌ സിപിഐ എം ഭരണത്തിലെത്തിയത്‌. അഹമദ്‌നഗർ ജില്ലയിലെ അകോലെ താലൂക്കിൽ ആറ്‌ പഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. ആകെ 91 പഞ്ചായത്തുകളിൽ സിപിഐഎമ്മിന്‌ തനിച്ച്‌ ഭൂരിപക്ഷമുണ്ട്‌. ഏറ്റവും വലിയ ഒറ്റകക്ഷിയായ നിരവധി പഞ്ചായത്തുകളുമുണ്ട്‌. ഇവിടെയും ഭരണത്തിലെത്താൻ സാധ്യത നിലനിൽക്കുന്നു. ഇനി ഫലം വരാനിരിക്കുന്ന പഞ്ചായത്തുകളിലും സി.പി.എമ്മിന് വലിയ പ്രതീക്ഷയാണുള്ളത്. ജനകീയ വിഷയങ്ങളില്‍ സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും നടത്തിയ ഇടപെടലുകളും പോരാട്ടവും ആണ് അപ്രതീക്ഷിതമായ വിജയം ചെങ്കൊടിക്ക് നേടി കൊടുത്തിരിക്കുന്നത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കേണ്ട വിജയം തന്നെയാണിത്.

കേരളത്തില്‍ ബി ജെ പിക്ക് ഉള്ളതിനേക്കാള്‍ കരുത്താണ് ഇതോടെ മഹാരാഷ്ട്രയില്‍ സി.പി.എം നേടിയിരിക്കുന്നത്. സംഘടനാപരമായി കാര്യമായി അടിത്തറയില്ലാത്ത സംസ്ഥാനത്തെ സി.പി.എമ്മിന്റെ ഈ തിളങ്ങുന്ന വിജയം ഒരു തുടക്കം മാത്രമായാണ് പാര്‍ട്ടി നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. ഭാവിയില്‍ കൂടുതല്‍ ശക്തമായ മുന്നേറ്റം സമരങ്ങളില്‍ എന്ന പോലെ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഉണ്ടാക്കാന്‍ കഴിയുമെന്നാണ് സി.പി.എം നേതൃത്വം പ്രതീക്ഷിക്കുന്നത്.

ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇപ്പോഴും മഹാരാഷ്ട്രയില്‍ പ്രക്ഷോഭം നടത്തുന്നത് സി.പി.എം കര്‍ഷക സംഘടന തന്നെയാണ്. ഇക്കാര്യത്തില്‍ നോക്കുകുത്തിയുടെ റോള്‍ മാത്രമാണ് കോണ്‍ഗ്രസ്സിനും എന്‍.സി.പി ക്കും അവകാശപ്പെടാനുള്ളത്. അതേസമയം ചെമ്പട വിതച്ചത് കൊയ്യാന്‍ ഈ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് പ്രത്യേക കഴിവുണ്ടെന്നതും നാം ഓര്‍ക്കണം. ശരീരത്തില്‍ വിയര്‍പ്പു പൊടിയാതെ വോട്ടുകള്‍ കൊയ്യുന്ന ഈ തന്ത്രത്തിനു കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്നിപ്പോള്‍ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. ഈ പ്രവണത സംസ്ഥാന വ്യാപകമായി പടര്‍ന്നാല്‍ അത് സി.പി.എമ്മിനെ സംബന്ധിച്ച് ഭാവിയില്‍ വലിയ നേട്ടമാണ് ഉണ്ടാക്കുക. ‘പോരാടുന്നവര്‍ക്ക് തന്നെയാണ് വോട്ടെന്ന’ ജനങ്ങളുടെ പ്രഖ്യാപനത്തിന്റെ തുടക്കമായാണ് മഹാരാഷ്ട്രയിലെ സി.പി.എമ്മിന്റെ ഈ മുന്നേറ്റത്തെ രാഷ്ട്രീയ നിരീക്ഷകരും നിലവില്‍ വിലയിരുത്തുന്നത്.


EXPRESS KERALA VIEW

Top