ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് വിശദീകരണം തേടാനാവില്ല; ആഞ്ഞടിച്ച് യെച്ചൂരി

തിരുവന്തനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വനിയമത്തിനെതിരെ കോടതിയില്‍ പോയതിന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് തേടാനാവില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ തലവനല്ല ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയില്‍ എവിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകും മുമ്പ് ഗവര്‍ണറുടെ അനുമതി തേടണം എന്നു പറയുന്നതെന്ന് സീതാറാം യെച്ചൂരി ചോദിച്ചു.തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ അധികാരമുണ്ട് ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട ആളാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് വിശദീകരണം തേടാനാവില്ല, രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യാനേ കഴിയൂ എന്നും യെച്ചൂരി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായി സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. കേന്ദ്രനിയമത്തിനെതിരെ കോടതിയില്‍ പോകും മുന്‍പ് തന്നെ അറിയിക്കണമെന്നും ചട്ടങ്ങള്‍ പ്രകാരം ഇത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ്. റൂള്‍സ് ഓഫ് ബിസിനസ് ചട്ടം പാലിക്കാത്തതില്‍ വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെതിരെയാണ് യെച്ചൂരി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.

Top